SHARE

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ താരം ചേതേശ്വർ പുജാര പുറത്തെടുത്ത അമിത പ്രതിരോധ ശൈലിക്കെതിരെ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഡെയിൽ സ്റ്റെയിൻ രംഗത്ത്. മത്സരത്തിൽ 54 പന്തുകളിൽ നിന്ന് 8 റൺസ് മാത്രം നേടിയ പുജാരക്ക് കുറച്ച് കൂടി മികച്ച രീതിയിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാമായിരുന്നുവെന്ന് പറയുന്ന സ്റ്റെയിൻ, തന്റെ ബാറ്റിംഗിന്റെ വീഡിയോ വിശകലനം ചെയ്താൽ പുജാരക്ക് തന്നെ അത് മനസിലാകുമെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കവെയായിരുന്നു സ്റ്റെയി‌ൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

“ഇപ്പോൾ അദ്ദേഹം 50 ബോളുകൾ നേരിട്ടു. അദ്ദേഹം ഈ തരത്തിലുള്ള ഒരു ബാറ്റ്സ്മാനാണെന്ന് നമുക്കറിയാം. എന്നാൽ വീഡിയോ വിശകലനത്തിന്റെ സാമ്പിൾ നോക്കിയാൽ കുറച്ചു കൂടി മികച്ച രീതിയിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ കഴിയുമായിരുന്ന പന്തുകളാണ് താൻ നേരിട്ടതെന്ന് അദ്ദേഹത്തിന് മനസിലാകും. ആ 50 പന്തുകളിൽ അദ്ദേഹത്തിന് കൂടുതൽ മികച്ച രീതിയിൽ സ്ട്രൈക്ക് കൈമാറ്റം ചെയ്യാനും, ടീമിന്റേയും തന്റേയും സ്കോറിംഗ് വേഗം ഉയർത്താനും കഴിയുമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്.” സ്റ്റെയിൻ പറഞ്ഞു.

നേരത്തെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി മൂന്നാം നമ്പരിലായിരുന്നു പുജാര കളിക്കാനിറങ്ങിയത്. ഇന്നിംഗ്സിൽ മൊത്തം 54 പന്തുകൾ നേരിട്ട അദ്ദേഹം 2 ബൗണ്ടറികളാണ് നേടിയത്. ‌ബാക്കി 52 പന്തുകളിലും റൺസെടുക്കുന്നതിൽ താരം പരാജയപ്പെടുകയും ചെയ്തു