SHARE

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ താരങ്ങളിൽ ഒരാളാണ്‌ ചേതേശ്വർ പുജാര. സ്വദേശത്തും, വിദേശത്തും ഒരേ പോലെ മികവ് കാട്ടുന്ന പുജാര ടെസ്റ്റിൽ ഇന്ത്യയുടെ‌ പല ചരിത്ര വിജയങ്ങളിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോളിതാ വിദേശത്ത് ടെസ്റ്റ് ടീമിന് തോൽവി സംഭവിക്കുന്ന തിന്റെ കാരണം‌ വ്യക്തമാക്കിയിരിക്കുകയാണ്‌ അദ്ദേഹം.

ബാറ്റ്സ്മാന്മാരുടെ ഷോട്ട് സെലക്ഷനിലെ‌ പാളിച്ചകളും, ടെസ്റ്റ് ക്രിക്കറ്റിന് താരങ്ങൾ കൊടുക്കുന്ന പ്രാധാന്യം കുറഞ്ഞതുമാണ് വിദേശത്തെ തോൽവികൾക്ക് കാരണമായി പുജാര ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ടെസ്റ്റ് ക്രിക്കറ്റിന് അർഹിച്ച പ്രാധാന്യം നൽകാൻ താരങ്ങൾ തയ്യാറാകുന്നില്ലെന്ന് അഭിപ്രായപ്പെടുന്ന പുജാര, ഇങ്ങനെ കൂട്ടിച്ചേർത്തു. “നിശ്ചിത ഓവർ മത്സരങ്ങളുടെ‌ പ്രാധാന്യം ഇപ്പോൾ വർധിച്ചിരിക്കുന്നു. നിലവാരമുള്ള ടെസ്റ്റ് താരങ്ങളുടെ എണ്ണത്തിൽ അത് കൊണ്ട് തന്നെ കുറവ് വന്നു. മുൻപ് ടെസ്റ്റ് പരമ്പരകൾക്ക് ഒത്തിരി പ്രാധാന്യം ലഭിച്ചിരുന്നു. ഈ പരമ്പരകൾക്ക് മുൻപ് താരങ്ങൾക്ക് കൃത്യമായി വിശ്രമവും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോളോ, ആ സീസണുകളിൽ ഒത്തിരി പരിക്കുകൾ നാം കാണുന്നു.

ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെ നോക്കൂ, 20-25 താരങ്ങൾ മാത്രമാണ് അവിടെ ദേശീയ ടീമിൽ കളിക്കാനുള്ള പൂളിൽ ഉള്ളത്. എന്നാൽ 10 വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ടീമിൽത്തന്നെ, ടെസ്റ്റിൽ കളിപ്പിക്കാൻ കഴിയുന്ന 30 മുതൽ 50 വരെ താരങ്ങളുണ്ടായിരുന്നു. ഇപ്പോൾ താരങ്ങൾ കളിക്കാൻ ലഭ്യമല്ലെന്നല്ല, മറിച്ച് അവർ ടെസ്റ്റ് കളിക്കാൻ തയ്യാറാണോ എന്നതാണ്‌ പ്രധാന ചോദ്യം. കഴിഞ്ഞ 24 മാസത്തിനിടയിൽ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റു. ന്യൂസിലൻഡിൽ ബാറ്റ്സ്മാന്മാരുടെ ഷോട്ട് സെലക്ഷനുകൾ കുറച്ച് കൂടി മെച്ചപ്പെടേണ്ടിയിരുന്നു. എന്നാൽ അതുണ്ടായില്ല.” പുജാര പറഞ്ഞുനിർത്തി.