SHARE

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമായ ചേതേശ്വർ പുജാര പ്രഥമ സീസൺ സൗരാഷ്ട്ര പ്രീമിയർ ലീഗ് ടി20 യിൽ കളിക്കും. കഴിഞ്ഞ ദിവസമാണ് ടൂർണമെന്റിലെ പുജാരയുടെ പങ്കാളിത്തം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ നടത്തിയത്. ടെസ്റ്റ് സ്പെഷ്യലിസ്റ്റെന്ന് വിശേഷിക്കപ്പെടുന്ന പുജാര ടി20 ഫോർമ്മാറ്റിൽ തകർത്തടിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

അഞ്ച് ടീമുകളാണ് പ്രഥമ സൗരാഷ്ട്ര പ്രീമിയർ ലീഗിൽ മത്സരിക്കുന്നത്. ഈ മാസം പതിനാലാം തീയതിയാണ് ഈ ടൂർണമെന്റ് ആരംഭിക്കുക. നേരത്തെ ഐപിഎല്ലിന് മുൻപ് നടന്ന‌സയ്യിദ് മുഷ്താഖ് അലി ടി20 യിൽ മികച്ച പ്രകടനമായിരുന്നു പുജാര കാഴ്ച വെച്ചത്. രാജ്യത്തെ വിവിധ ടി20 ലീഗുകളിൽ കളിച്ചിട്ടുള്ള താരം ഈ സീസൺ ഐപിഎല്ലിൽ അവസരം ലഭിക്കാതിരുന്നതിലുള്ള നിരാശ കഴിഞ്ഞയിടയ്ക്ക് പ്രകടിപ്പിച്ചിരുന്നു‌.‌ അതേ സമയം സൗരാഷ്ട്ര പ്രീമിയർ ലീഗിൽ ഏത് ടീമിലാകും പുജാര കളിക്കുക എന്ന കാര്യം ഇത് വരെ ഉറപ്പിച്ചിട്ടില്ല. ഇന്ന് ഇക്കാര്യത്തിൽ അധികൃതരുടെ ഔദ്യോഗിക പ്രഖ്യാപനം എത്തുമെന്നാണ് സൂചന.