SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് നോർവിച്ച് സിറ്റിയുടെ സൂപ്പർതാരം ടീമു പൂക്കിയെ തേടി ഒരു പുരസ്കാരം കൂടി. ഫിൻലൻഡിലെ മികച്ച കായികതാരത്തിനുള്ള 2019-ലെ പുരസ്കാരമാണ് പൂക്കിയെ തേടിയെത്തിയത്. ഇതാദ്യമായാണ് പൂക്കി ഈ പുരസ്കാരത്തിന് അർഹനാകുന്നത്.

നോർവിച്ച് സിറ്റിക്കായി സീസണിൽ നടത്തിയ ​ഗോൾവേട്ടയും ഫിൻലൻഡിന് യൂറോ കപ്പ് യോ​ഗ്യത നേടിക്കൊടുത്ത പ്രകടനവുമാണ് പൂക്കിയെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇക്കുറി പ്രീമിയർ ലീ​ഗിലേക്ക് എത്തിയ നോർവിച്ചിനായി ഒരു ഹാട്രിക്ക് അടക്കം ഒമ്പത് ​ഗോളാണ് പൂക്കി നേടിയത്. ഫിൻലൻഡിനായി യൂറോ യോ​ഗ്യതാ റൗണ്ടിൽ പത്ത് ​ഗോളുകളാണ് ഈ സ്ട്രൈക്കർ നേടിയത്. ഇതോടെ ചരിത്രത്തിലാദ്യമായി ഫിൻലൻഡ് ഒരു പ്രധാന ടൂർണമെന്റിന് യോ​ഗ്യത നേടി.

ജർമൻ ക്ലബ് ബയേർ ലെവർക്യൂസന്റെ ​ഗോൾകീപ്പർ ലൂക്കാസ് ഹഡേക്കി, ഫോർമുല വൺ കാറോട്ടതാരം വാൾട്ടേരി ബോത്താസ് എന്നിവരെ മറികടന്നാണ് പൂക്കി ഈ പുരസ്കാരം നേടിയത്. 2001-ല് ലിവർപൂൾ താരമായിരുന്ന സാമി ഹൈപ്പിയാണ് ഇതിനുമുമ്പ് ഈ പുര്സ്കാരം നേടിയ ഫുട്ബോൾ താരം.