SHARE

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന ഐ പി എല്‍ മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. അര്‍ധസെഞ്ചുറി നേടി ഗെയ്ല്‍ തിളങ്ങിയ മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ 174-6 റണ്‍സാണ് പഞ്ചാബ് നേടിയത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച മാർക്കസ് സ്റ്റോയിനിസാണ് പഞ്ചാബ് സ്കോർ 170 കടത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് വേണ്ടി ഓപ്പണര്‍മാര്‍ മികച്ച രീതിയിൽ തുടങ്ങി. ആദ്യം വെടിക്കെട്ട് തുടങ്ങിയ രാഹുല്‍ പതിയെ ആ ഉത്തരവാദിത്വം ഗെയ്‌ലിനെ ഏല്‍പ്പിച്ചു. എന്നാല്‍ പവര്‍പ്ലേക്ക് ശേഷമുള്ള ആദ്യ ഓവറില്‍ സ്പിന്നര്‍ മായങ്ക് മര്‍ക്കണ്ഡേ രാഹുലിനെ പവലിയനിലേക്ക് അയച്ചു. 20 പന്തില്‍ 24 റണ്‍സാണ് രാഹുല്‍ നേടിയത്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ബൗണ്ടറികളടിച്ച് റണ്‍സ് കണ്ടെത്തിയ ഗെയ്ല്‍ സ്‌കോറിനെ മുന്നോട്ടു നയിച്ചു.

യുവരാജ് സിംഗ് സിക്‌സറടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും മെല്ലെപ്പോക്ക് തുടര്‍ന്ന്. 40 പന്തില്‍ 50 റണ്‍സെടുത്ത ഗെയ്ല്‍ ബെന്‍ കട്ടിംഗിന് വിക്കറ്റ് സമ്മാനിച്ചപ്പോള്‍ യുവരാജ് 14 പന്ത് നേരിട്ട് 14 റണ്‍സെടുത്ത് റണ്ണൗട്ടായി. ആറു ബൗണ്ടറികളും രണ്ടു സിക്‌സുകളും അടങ്ങിയതായിരുന്നു ഗെയ്‌ലിന്റെ ഇന്നിംഗ്‌സ്. കരുൺ നായർ 12 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായി. മായങ്ക് അഗർവാളിനെ കൂട്ടുപിടിച്ച് മാർക്കസ് സ്റ്റോയിനിസ് അവസാന ഓവർ പഞ്ചാബിന് അനുകൂലമാക്കി. 15 പന്തിൽ 29 റൺസാണ് സ്റ്റോയിനിസ് നേടിയത്. എന്നാൽ അഗർവാൾ 11 റൺസെടുത്ത് ആ ഓവറിൽ പുറത്താവുകയും ചെയ്തു.