SHARE

സാമ്പത്തിക പ്രതിസന്ധി മൂലം ഹീറോ സൂപ്പർ കപ്പിന് മുന്നോടിയായി എഫ് സി പൂനെ സിറ്റി തങ്ങളുടെ താരങ്ങളെ മുഴുവൻ ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് ഇ‌ന്നലെയാണ് വാർത്തകൾ പുറത്ത് വന്നത്. ടീം സ്ക്വാഡിലുള്ള എല്ലാ താരങ്ങളേയും പൂനെ ഒഴിവാക്കുകയാണെന്നും, ഹീറോ സൂപ്പർ കപ്പിൽ തങ്ങളുടെ അക്കാദമി താരങ്ങളുമായാകും അവർ കളിക്കുക എന്നുമായിരുന്നു വാർത്തകൾ. വലിയ ഞെട്ടലായിരുന്നു ഇന്ത്യൻ ഫുട്ബോൾ ലോകത്തിന് ഈ വാർത്ത സമ്മാനിച്ചത്.

എന്നാൽ ഞെട്ടിക്കുന്ന ഈ വാർത്ത അതിവേഗം ഫുട്ബോൾ ലോകത്ത് പരക്കുന്നതിനിടെ സംഭവത്തിൽ ഔദ്യോഗിക‌ സ്ഥിരീകരണവുമായി എഫ് സി പൂനെ സിറ്റി രംഗത്തെത്തി. തങ്ങളുമായി കരാറിലൊപ്പിട്ട ഒരു താരങ്ങളേയും ടീമിൽ നിന്ന് ഒഴിവാക്കുന്നില്ലെന്നും, വരുന്ന ഹീറോ സൂപ്പർ കപ്പിൽ പൂനെ മത്സരിക്കുമെന്നുമായിരുന്നു ക്ലബ്ബിന്റെ ഔദ്യോഗിക സ്ഥിരീകരണം.

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ക്ലബ്ബ് രണ്ട് മാസമായി കളികാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നും ഇതേത്തുടർന്ന് താരങ്ങളെയെല്ലാം മടക്കി അയക്കാൻ പൂനെ തയ്യാറെടുക്കുകയാണെന്നുമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഐ എസ് എല്ലിൽ ഇതിന് മുൻപ് ഒരു ടീമിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നീക്കമുണ്ടായിട്ടില്ലാത്തതിനാൽ വലിയ ഞെട്ടലോടെയായിരുന്നു ഫുട്ബോൾ പ്രേമികൾ ഈ വാർത്ത നോക്കിക്കണ്ടത്. എന്നാൽ തെറ്റായ വാർത്ത നിഷേധിച്ച പൂനെ ക്ലബ്ബ്, സംഭവത്തിൽ വ്യക്തത വരുത്തിയതോടെ വലിയ ആശ്വാസമാണ് ആരാധകർക്ക് ലഭിച്ചത്.