SHARE

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ നാണംകെട്ട ബാറ്റിംഗ് പ്രകടനമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് കാഴ്ച്ച വെച്ചിരിക്കുന്നത്. ഉമേഷ് യാദവ് മൂന്നു വിക്കറ്റുകള്‍ പിഴുത മത്സരത്തില്‍ അവര്‍ വെറും 88 റണ്‍സിന് പുറത്തായി. ബാംഗ്ലൂർ പത്തു വിക്കറ്റിൻ്റെ വിജയമാണ് മത്സരത്തിൽ സ്വന്തമാക്കിയത്.

എന്നാല്‍ ഐ പി എല്‍ ചരിത്രത്തില്‍ ബാംഗ്ലൂരിനെതിരെ ഇത് രണ്ടാം തവണയാണ് പഞ്ചാബ് 88 റണ്‍സിന് ഓള്‍ ഔട്ടാവുന്നത്. രസകരമായ കാര്യമെന്തെന്നാൽ, അന്ന് ക്രിസ് ഗെയ്ല്‍ ബാംഗ്ലൂര്‍ താരമായിരുന്നു. 2015 മെയ് 6ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ സെഞ്ചുറി നേടിയ ക്രിസ് ഗെയ്‌ലിന്റെ കരുത്തില്‍ 20 ഓവറില്‍ 226-3 എന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഗെയ്ല്‍ 57 പന്തില്‍ 117 റണ്‍സെടുത്താണ് പുറത്തായത്. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 13.4 ഓവറില്‍ 88 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ബാംഗ്ലൂരിന് 138 റണ്‍സ് വിജയം.

നാലു വിക്കറ്റുകള്‍ വീതം പിഴുത മിച്ചല്‍ സ്റ്റാര്‍ക്കും ശ്രീനാഥ് അരവിന്ദുമാണ് അന്ന് പഞ്ചാബിനെ തകര്‍ത്തത്. ഇന്ന് ഗെയ്ല്‍ പഞ്ചാബ് നിരയിലാണെങ്കിലും നാണക്കേടിന്റെ ആവര്‍ത്തനം ഒഴിവാക്കാന്‍ അവര്‍ക്കായില്ല. ഗെയ്ല്‍ 14 പന്തില്‍ 18 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.