SHARE

കഴിഞ്ഞ മാസം നടന്ന ഐപിഎൽ താരലേലത്തിൽ കളികാരെ സ്വന്തമാക്കാൻ വൻ തുക ഒഴുക്കിയ ടീമാണ് പഞ്ചാബ് കിംഗ്സ്. ഓസ്ട്രേലിയ‌ൻ പേസർ ജൈ റിച്ചാർഡ്സണെ സ്വന്തമാക്കാൻ 14 കോടി രൂപ വാരിയെറിഞ്ഞ‌ പഞ്ചാബ്, അഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിന് വേണ്ടി കളിക്കുന്ന ഷാരൂഖ് ഖാനെ 5.25 കോടി രൂപയ്ക്കാണ് ടീമിലെത്തിച്ചത്.

ഐപിഎല്ലിൽ മുൻപ് കളിച്ചിട്ടില്ലാത്ത, അൺ ക്യാപ്പ്ഡ് കളികാരനായ ഷാരൂഖ് ഖാന് വേണ്ടി ഇത്ര ഉയർന്ന തുക പഞ്ചാബ് ലേലത്തിൽ മുടക്കിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോളിതാ ലേലം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോൾ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി നടത്തിയ ശക്തമായ ലേലം വിളിക്കൊടുവിൽ വൻ തുകയ്ക്ക് ഷാരൂഖ് ഖാനെ ടീമിലെത്തിച്ചതിന് കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പഞ്ചാബ് കിംഗ്സിന്റെ സി ഇ ഓ ആയ സതീഷ് മേനോൻ.

സയ്യിദ് മുഷ്താഖ് അലി‌ ട്രോഫിയിൽ തമിഴ്നാടിന് വേണ്ടി ഷാരൂഖ് ഖാൻ നടത്തിയ പ്രകടന‌ങ്ങൾ പഞ്ചാബ് ഫ്രാഞ്ചൈസിയെ ആകർഷിച്ചിരുന്നതായി സതീഷ് മേനോൻ പറയുന്നു. ഫിനിഷറുടെ ജോലി ചെയ്യാൻ മികവുള്ള ഒരു ബാറ്റ്സ്മാനെ തങ്ങൾക്ക് ആവശ്യമായിരുന്നുവെന്നും അങ്ങനെയാണ് ഷാരൂഖ് ഖാനിലേക്ക് ടീമെത്തിയതെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു.

“ഷാരൂഖ്‌ ഖാൻ വളരെ ആകർഷണീയനായ പ്രതിഭയാണ്. അഭ്യന്തര മത്സരങ്ങളിൽ ഞങ്ങൾ നന്നായി ശ്രദ്ധിച്ച കളികാരൻ‌. ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനത്തിലൂടെ തനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ഷാരൂഖ് ഖാൻ തെളിയിച്ചു. അദ്ദേഹം ദീർഘനാൾ ഞങ്ങൾക്കൊപ്പമുണ്ടാകുനെന്ന് എനിക്ക് ഉറപ്പുണ്ട്. മത്സരങ്ങൾ ഫിനിഷ് ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഞങ്ങൾ സമാന സ്വഭാവമുള്ള ഒരാളെ നോക്കുകയായിരുന്നു.” ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെ സതീഷ് മേനോൻ വ്യക്തമാക്കി.