SHARE

പതിനൊന്നാം സീസണ്‍ ഐ പി എല്ലിന് മുന്നോടിയായി മികച്ച ടീമിനെ തന്നെയാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്ന രവിചന്ദ്ര അശ്വിനെ താരലേലത്തിലൂടെ സ്വന്തമാക്കി പഞ്ചാബ് തങ്ങളുടെ നായകനായി പ്രഖ്യാപിക്കുകയും ചെയ്തു. ആര് നായകനാവുമെന്ന് ആരാധകരോട് തുറന്ന് ചോദിച്ച് രംഗത്ത് വന്നതിന് ശേഷമായിരുന്നു പഞ്ചാബിന്റെ സര്‍പ്രൈസ് പ്രഖ്യാപനം. ഇപ്പോഴിതാ, ടീമിന്റെ ഓപ്പണര്‍മാരെ കണ്ടെത്തുന്നതിന് മുമ്പ് പഞ്ചാബ് ഇതേ നീക്കം ആവര്‍ത്തിക്കുകയാണ്.

അഞ്ചു ഓപ്പണിംഗ് ജോഡികളെ ടീമിന്റെ വെബ് സൈറ്റില്‍ പരസ്യപ്പെടുത്തിയതിന് ശേഷം ട്വിറ്ററിലൂടെയാണ് പഞ്ചാബ് ആരാധകരോട് ഓപ്പണര്‍മാര്‍ ആരാവുമെന്ന് ചോദിച്ചിരിക്കുന്നത്. ക്രിസ് ഗെയില്‍, ആരോണ്‍ ഫിഞ്ച്, മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, മാര്‍കസ് സ്റ്റോണിസ് തുടങ്ങിയ താരങ്ങളാണ് പഞ്ചാബ് നിരയില്‍ ഓപ്പണര്‍മാരാവാനുള്ള സാധ്യതാ പട്ടികയിൽ ഇടംപിടിച്ചത്. ഇതില്‍ പഞ്ചാബ് മുന്നോട്ടുവെക്കുന്ന ആദ്യ ജോഡിയില്‍ ഗെയ്‌ലും ഫിഞ്ചുമാണുള്ളത്. ഏറ്റവും അക്രമണകാരികളായ ബാറ്റിംഗ് ജോഡിയെന്നാണ് ഇവരെ പഞ്ചാബ് വിശേഷിപ്പിക്കുന്നത്.

ആരോണ്‍ ഫിഞ്ച് – മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയില്‍ – കെ എല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോണിസ് – ആരോണ്‍ ഫിഞ്ച്, മായങ്ക് അഗര്‍വാള്‍ – കെ എല്‍ രാഹുല്‍ എന്നിവയാണ് മറ്റ് ജോഡികള്‍. മികച്ച താരങ്ങളെ തന്നെ ഓപ്പണര്‍മാരാവാന്‍ സാധ്യതയുള്ള പട്ടികയില്‍ കണ്ട ആരാധകരും ആശയക്കുഴപ്പത്തിലാണ്. എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെട്ട താരങ്ങളായത് കൊണ്ട് ഔദ്യോഗികമായി പഞ്ചാബ് ഇക്കാര്യം പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കാമെന്നാണ് ആരാധകരുടെ പക്ഷം. ഏപ്രില്‍ ഏഴിന് ചെന്നൈ-മുംബൈ പോരാട്ടത്തിലൂടെയാണ് ഐ പി എല്‍ പതിനൊന്നാം സീസണ് തുടക്കമാവുന്നത്. എട്ടിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സുമായാണ് പഞ്ചാബിന്റെ ആദ്യ മത്സരം.