SHARE

ഫ്രാൻസും ക്രൊയേഷ്യയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്നതിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ച് കയറിയ റഷ്യൻ പ്രതിഷേധ സംഘടനയായ പുസി റയറ്റിലെ നാല് പേർക്ക് പതിനഞ്ച് ദിവസം ജയിൽ ശിക്ഷ വിധിച്ചു. ജയിൽ ശിക്ഷയ്ക്ക് പുറമേ അടുത്ത മൂന്ന് വർഷത്തേക്ക് കായിക മത്സരങ്ങൾ കാണാൻ ഗ്രൗണ്ടിലെത്തുന്നതിനും ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഫൈനൽ മത്സരത്തിന്റെ രണ്ടാംപകുതിയുടെ തുടക്കത്തിലായിരുന്നു ഗ്യാലറി ചാടിക്കടന്ന്പുസി റയറ്റ് അംഗങ്ങൾ മൈതാനത്തേക്ക് കടന്നത്. റഷ്യൻ പോലീസ് യൂണിഫോമിലായിരുന്നു ഇവർ‌. ഗ്രൗണ്ടിൽ അതിക്രമിച്ച് കയറിയ വനിതകളിലൊരാൾ ഫ്രെഞ്ച് താരം കൈലിൻ എംബാപ്പെയ്ക്ക് ഹസ്തദാനവും നൽകി. സംഭവം കണ്ട് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാർ വലിച്ചിഴച്ചാണ് ഇവരെ പുറത്തേക്ക് കൊണ്ട് പോയത്.

പുസി റയറ്റ് ഗ്രൂപ്പിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അവർ തന്നെയാണ് തങ്ങളുടെ ഗ്രൂപ്പിലെ അംഗങ്ങൾക്ക് ശിക്ഷ‌ലഭിച്ച വാർത്ത പുറത്ത് വിട്ടത്. പുസി റയറ്റ് ഗ്രൂപ്പിൽ അംഗമായ വെറോണിക്ക നികുൽഷിന, ഓൾഗ കുറച്ചോവ, പ്യോറ്റിർ വെർസിലോവ്, ഓൾഗ പഖ്തുസോവ എന്നിവർക്കെതിരെയാണ് ശിക്ഷാനടപടികൾ.