SHARE

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട് ഇന്ത്യ. മുപ്പത്തിമൂന്നാം മിനുറ്റിൽ അബ്ദെൽ അസീസ് നേടിയ ഗോളാണ് ആതിഥേയർക്ക് മൂന്ന് പോയിന്റ് സമ്മാനിച്ചത്. മത്സരത്തിന്റെ പതിനേഴാം മിനുറ്റിൽ പ്രതിരോധ താരം രാഹുൽ ഭേക്കെ ചുവപ്പ് കാർഡ് കണ്ടു പുറത്തായതിനാൽ 10 പേരുമായി കളി പൂർത്തിയാക്കാൻ നിർബന്ധിതരായ ഇന്ത്യക്ക് ഒരു ഗോൾ മാത്രമേ വഴങ്ങിയുള്ളൂവെന്നതിൽ ആശ്വസിക്കാമെങ്കിലും ആരാധകരെ അത്ര സന്തുഷ്ടരാക്കുന്ന പ്രകടനമായിരുന്നില്ല അവർ കാഴ്ച വെച്ചത്.

ദോഹയിലെ ജസിം ബിൻ അഹമ്മദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ മിനുറ്റുകളിൽത്തന്നെ ഖത്തർ ഇന്ത്യൻ ഗോൾ പോസ്റ്റിൽ ഭീഷണി‌ വിതച്ചു‌ എന്നാൽ ഗുർപ്രീത് ടീമിന്റെ രക്ഷകനായി. ഒൻപതാം മിനുറ്റിൽ തീർത്തും അനാവശ്യമായ ടാക്കിളിന് മഞ്ഞക്കാർഡ് കണ്ട രാഹുൽ ഭേക്കെ പതിനേഴാം മിനുറ്റിൽ ഹാൻഡ് ബോളിന്റെ പേരിൽ രണ്ടാം മഞ്ഞക്കാർഡും അതിലൂടെ ചുവപ്പ് കാർഡും കണ്ടു. ഇതോടെ ഇന്ത്യ പത്തു പേരായി ചുരുങ്ങി.

ഇന്ത്യയുടെ ആൾ ബലം കുറഞ്ഞതോടെ ഖത്തർ ആക്രമണം ശക്തമാക്കി. മുപ്പത്തിമൂന്നാം മിനുറ്റിൽ അവർ ലീഡെടുക്കുകയും ചെയ്തു. മുന്താരി നൽകിയ അസിസ്റ്റിൽ നിന്ന് അബ്ദെൽ അസീസായിരുന്നു ആതിഥേയർക്കായി വല കുലുക്കിയത്‌.‌ഗോൾ നേടിയതിന് ശേഷവും ഖത്തർ ആക്രമണങ്ങൾ തുടർന്നെങ്കിലും ഗുർപ്രീത് സിംഗ് ഇന്ത്യയുടെ രക്ഷകനായി. സുനിൽ ഛേത്രി നിരാശപ്പെടുത്തിയത് ഇന്ത്യയുടെ മുന്നേറ്റത്തെ ദുർബലപ്പെടുത്തി.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ പല തവണ ഖത്തർ, ഗോളിനടുത്തെത്തിയെങ്കിലും മഹാമേരു പോലെ ഉറച്ചു നിന്ന ഗോൾകീപ്പർ ഗുർപ്രീതിന്റെ നിശ്ചയദാർഢ്യം ഒന്നു കൊണ്ടു മാത്രം അതൊന്നും ഗോളായില്ല. പ്രതിരോധത്തിൽ സന്ദേശ് ജിങ്കനും ശ്രദ്ധേയ പ്രകടനം നടത്തിയപ്പോൾ, മുന്നേറ്റ നിര തീർത്തും നിരാശപ്പെടുത്തി. ഈ പരാജയത്തോടെ ഇന്ത്യയുടെ ഏഷ്യാകപ്പ് യോഗ്യതാ പ്രതീക്ഷകളും തുലാസിലായി. ഈ മാസം ഏഴിന് ബംഗ്ലാദേശിനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.