SHARE

ഇത്തവണത്തെ എഎഫ്‌സി ഏഷ്യാകപ്പിലെ കറുത്ത കുതിരകള്‍ സെമിയും കടന്ന് ഫൈനലില്‍. ആതിഥേയരായ യുഎഇയെ എണ്ണംപറഞ്ഞ നാലു ഗോളിന് വീഴ്ത്തി ഖത്തര്‍ ചരിത്രത്തിലാദ്യമായി ഏഷ്യാകപ്പിന്റെ ഫൈനലില്‍ കടന്നു. ശക്തരായ ജപ്പാനാണ് കലാശപ്പോരാട്ടത്തിലെ എതിരാളികള്‍. ബൗലിം ഖൂഹി (22), അമോസ് അലി (37), ഹസന്‍ അല്‍ ഹൈദോസ് (80), ഹമീദ് ഇസ്മയില്‍ (90+3) എന്നിവരാണ് സ്‌കോറര്‍മാര്‍.

മുഹമ്മദ് ബിന്‍ സയദ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ യുഎഇ ആരാധകരെ നിശബ്ദരാക്കിയാണ് ഖത്തറിന്റെ പടയോട്ടം. സ്‌കോര്‍നില കാണിക്കുന്നതിലും ശക്തമായിരുന്നു മത്സരം. കിട്ടിയ അവസരങ്ങള്‍ മുതലാക്കാനായതാണ് ഖത്തറിനെ ജയത്തിലേക്ക് നയിച്ചത്. ഇരുപകുതികളിലും രണ്ടു ഗോളുകള്‍ വീതം പിറന്നപ്പോള്‍ യുഎഉയ്ക്ക് മറുപടിയില്ലാതെ പോയി. ഇഞ്ചുറിടൈമില്‍ മുഹമ്മദ് ഇസ്മയില്‍ ചുവപ്പുകാര്‍ഡ് വാങ്ങി കളംവിട്ടതോടെ ആതിഥേയരുടെ എല്ലാ മോഹങ്ങളും കെട്ടടങ്ങി.

അടുത്ത ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിന് ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് വലിയ സാധ്യതകള്‍ കല്പിച്ചിരുന്നില്ല. എന്നാല്‍ മാസങ്ങള്‍ക്കു മുമ്പേ മുന്നൊരുക്കം തുടങ്ങിയ ഖത്തര്‍ മികച്ച തയാറെടുപ്പോടെയാണ് യുഎഇയില്‍ വിമാനമിറങ്ങിയത്. രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പേ ആഫ്രിക്കയില്‍ നിന്നുള്ള ചില താരങ്ങളെ ഖത്തര്‍ ടീമിലെത്തിച്ചിരുന്നു. ഇവരുടെ പ്രകടനവും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.