SHARE

ഒരു മാസത്തോളം നീണ്ടുനിന്ന ഏഷ്യൻ ഫുട്ബോൾ യുദ്ധത്തിന് ഇന്ന് സമാപനമാകും. കലാശപ്പോരിൽ കരുത്തരായ ജപ്പാൻ ഖത്തറിനെ നേരിടും. അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എഴരയ്ക്കാണ് പോരാട്ടം.

ടൂർണമെന്റിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ജപ്പാൻ കലാശപ്പോരിനെത്തിയിരിക്കുന്നത്. അതിൽ തന്നെ പ്രധാനമാണ് സെമിയിൽ ഇറാനെതിരെ നേടിയ വിജയം. കിരീടം നേടാൻ ഏറെ സാധ്യത കൽപ്പിച്ചിരുന്ന ഇറാനെ എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് ജപ്പാൻ വീഴ്ത്തിയത്. ലോകകപ്പിൽ പോർച്ചു​ഗലിനെ വരെ പിടിച്ചുകെട്ടിയ ഇറാനെ തകർക്കാനായത് ജപ്പാന്റെ ആത്മവിശ്വാസം കൂട്ടും. ടൂർണമെന്റിൽ ഇതുവരെ നാല് ​ഗോളുകൾ നേടിയ മന്നേറ്റനിരക്കാരൻ യുയ ഒസാക്കയാണ് ജപ്പാന്റെ കരുത്ത്.

വരുന്ന ലോകകപ്പ് മുന്നിൽ കണ്ട് വാർത്തെടുത്ത ടീമിന്റെ കരുത്തിലാണ് ഖത്തറിന്റെ കുതിപ്പ്. ടൂർണമെന്റിൽ എല്ലാ മത്സരങ്ങളും ജയിച്ച് തന്നെയാണ് ഖത്തറിന്റേയും വരവ്. ഇതുവരെ എട്ട് ​ഗോളുകൾ അടിച്ചുകൂട്ടിയ അൽമോസ് അലിയുടെ അപാര ഫോമിലാണ് ഖത്തറിന്റെ പ്രതീക്ഷകളേറെയും. ക്വാർട്ടറിൽ കരുത്തരായ ​ദക്ഷിണകൊറിയയേയും സെമിയിൽ യു.എ.ഇയേയും തകർത്ത പ്രകടനമാണ് ഖത്തറിന്റെ ഊർജം.

ആദ്യമായി ഏഷ്യാ കപ്പ് ഫൈനലിലെത്തുന്ന ഖത്തറിന് അനുഭവസമ്പത്തിന്റെ കുറവാണ് ആശങ്ക. നാല് തവണ മുമ്പ് കിരീടം ചൂടിയിട്ടുള്ള ജപ്പാൻ ഫൈനൽ പോരാട്ടം പുതുമയല്ല. എന്നാൽ ഇതുവരെ തുടർന്ന ആവേശം കൈമുതലാക്കിയാൽ ജപ്പാനെ ഞെട്ടിച്ച് ഇക്കുറി കിരീടം നാട്ടിലേക്ക് കൊണ്ടുപോകാൻ ഖത്തർ പുലികൾക്കാകും