SHARE

ഇംഗ്ലണ്ടിനെതിരായ പരമ്പര ദക്ഷിണാഫ്രിക്ക കൈവിട്ടത് ആദ്യ രണ്ടു മത്സരങ്ങളും കൈയ്യെത്തും ദുരത്ത് നഷ്ടപ്പെടുത്തിക്കൊണ്ടാണ്. രണ്ടാം മത്സരത്തില്‍ നിര്‍ഭാഗ്യം ദക്ഷിണാഫ്രിക്കയെ രണ്ടു റണ്‍സിന് പരാജയപ്പെടുത്തി പരമ്പര ഇംഗ്ലണ്ടിന് സമ്മാനിക്കുമ്പോളും ദക്ഷിണാഫ്രിക്കന്‍ ടീമിനും ആരാധകര്‍ക്കും അഭിമാനിക്കാം ക്വിന്റണ്‍ ഡി കോക്ക് എന്ന് നായകന്റെ നേട്ടത്തില്‍.

205 റണ്‍സെന്ന വിജയ ലക്ഷ്യം ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്ക്ക മുമ്പില്‍ വച്ചപ്പോള്‍ മുന്നില്‍ നിന്നു പൊരുതിയത് ഡി കോക്ക് തന്നെയായിരുന്നു. വിജയ ലക്ഷ്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കാതെ ഡി കോക്ക് അടിച്ചു കൂട്ടിയത് 22 പന്തില്‍ നിന്നും 65 റണ്‍സായിരുന്നു

-Advertisement-

ഇംഗ്ലീഷ് ബൗളര്‍മാരെ നിര്‍ദയമായി പ്രഹരിച്ച ഡിക്കോക്ക് ഫീല്‍ഡര്‍മാരെ തലങ്ങും വിലങ്ങും ഓടിച്ചു. ഡി കോക്ക് ക്രീസില്‍ കത്തി നിന്നപ്പോള്‍ ഇംഗ്ലണ്ട് പരാജയം പോലും മുന്നില്‍ കണ്ടിരുന്നു. ഒടുവില്‍ മാര്‍ക്ക് വുഡിന് വിക്കറ്റ് നല്‍കി അദ്ദേഹം ക്രീസ് വിടുമ്പോള്‍ സ്വന്തം പേരില്‍ ഒരു റെക്കോര്‍ഡും എഴുതി ചേര്‍ത്തു.

ട്വന്റി-ട്വന്റിയില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഏറ്റു വേഗത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ താരമെന്ന റെക്കോര്‍ഡാണ് ഡി കോക്ക് നേടിയത്. 17 പന്തില്‍ നിന്നായിരുന്നു ഡി കോക്ക് അര്‍ദ്ധ സെഞ്ചുറി നേടിയത്. എട്ടു സിക്‌സറുകളും രണ്ട് ഫോറുകളും അടങ്ങുന്നതായിരുന്നു ഡിക്കോക്കിന്റെ ഇന്നിംഗ്‌സ്.