SHARE

അടുത്ത മാസം ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ കൊൽക്കത്തയിൽ നടക്കുന്ന മത്സരം പകൽ-രാത്രി മത്സരമായി നടത്താൻ ബിസിസിഐയ്ക്ക് താല്പര്യമുണ്ടെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ ബിസിസിഐ സമീപിക്കുകയും ചെയ്തു. ബിസിസിഐയുടെ ആവശ്യം പരിഗണിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിന് ഇന്ന്, പച്ചക്കൊടി വീശി. അടുത്ത മാസം ബംഗ്ലാദേശിനെതിരെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ചാകും ഈ ചരിത്ര മത്സരം നടക്കുക.

അതേ സമയം ഈ മത്സരം നടത്തുന്നതിന് ബിസിസിഐയ്ക്ക് വെല്ലുവിളിയാകുന്നത് ഡേ-നൈറ്റ് ടെസ്റ്റിൽ ഉപയോഗിക്കുന്ന പിങ്ക് ബോളിന്റെ ദൗർലഭ്യമാണ്. ഇന്ത്യയിലെ കാലവസ്ഥയ്ക്കും, സാഹചര്യങ്ങൾക്കുമനുസരിച്ചുള്ള പിങ്ക് ബോളുകളുടെ ലഭ്യത വലിയൊരു ചോദ്യചിഹ്നമായി ബിസിസിഐയ്ക്ക് മുന്നിലുണ്ട്. നേരത്തെ 2016 ൽ നടന്ന ദുലീപ് ട്രോഫിയിൽ എസ് ജി പന്തുകളിലും, ഡൂക്ക് പന്തുകളിലും ബിസിസിഐ പരീക്ഷണാടിസ്ഥാനത്തിൽ ദുലീപ് ട്രോഫി മത്സരങ്ങൾ നടത്തിയെങ്കിലും ഈ പരീക്ഷണം അത്ര കണ്ട് വിജയിച്ചിരുന്നില്ല. മത്സരത്തിലെ ആദ്യ ഇരുപത് ഓവറുകൾക്ക് ശേഷം പന്തിന്റെ നിറം മങ്ങുന്നതും, കട്ടി കുറയുന്നതും അന്ന് വലിയ പ്രശ്നമായിരുന്നു.

ഇംഗ്ലണ്ടിലേയോ, ഓസ്ട്രേലിയയിലേയോ പോലെ മൃദുവായ ഗ്രൗണ്ടുകൾ അല്ല ഇന്ത്യയിലുള്ളത്. അത് കൊണ്ടു തന്നെ ഇവിടെ നടക്കുന്ന ഡേ-നൈറ്റ് ടെസ്റ്റുകളിൽ വളരെ വേഗം പന്ത് മോശമാകും. ഇതിനാൽ വളരെ കൂടുതൽ എണ്ണം പന്തുകൾ ഈ മത്സരത്തിനായി ആവശ്യമുണ്ട്. മത്സരത്തിൽ ഉപയോഗിക്കുന്നതിന് പുറമേ, ടീമുകൾക്ക് പരിശീലനത്തിനായി 24 ഓളം പന്തുകൾ ആവശ്യം വരും. ഇതെല്ലാം എങ്ങനെ സംഘടിപ്പിക്കുമെന്ന് ഓർത്ത് തല പുകയ്ക്കുകയാണ് ഇപ്പോൾ ബിസിസിഐ.