SHARE

കളിക്കളത്തിലെ മോശം പെരുമാറ്റ ത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാഗിസോ റബാഡയ്ക്ക് വിലക്ക് ലഭിക്കാൻ സാധ്യത. ഓസ്ട്രേലിയയ്ക്കെതിരാായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദി‌നം സ്റ്റീവൻ സ്മിത്തിന്റെ വിക്കറ്റെടുത്തതിന് ശേഷം അദ്ദേഹത്തിന്റെ തോളത്ത് തട്ടിയതിന് റബാഡയ്ക്കെതിരെ മാച്ച് റഫറി ജെഫ് ക്രോ ലെവൽ 2 ഒഫൻസ് ചുമത്തിയതാണ് താരത്തിന് തിരിച്ചടിയായയത്‌.

കളത്തിലെ മോശം പെരുമാറ്റത്തിനാണ് താരങ്ങൾക്ക് ഡീമെറിറ്റ് പോയിന്റ് നൽകി വരുന്നത്. എട്ട് ഡീമെറിറ്റ് പോയിന്റുകളിലെത്തുന്ന താരങ്ങൾക്ക് രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിക്കും. നിലവിൽ 5 ഡീമെറിറ്റ് പോയിന്റുകളാണ് റബാഡയുടെ പേരിലുള്ളത്. രണ്ടാം ടെസ്റ്റിനിടെ ചുമത്തിയ കുറ്റം ശരിയാണെന്ന് ഹിയറിംഗിൽ തെളിഞ്ഞാൽ 3 ഡീമെറിറ്റ് പോയിന്റുകളും അത് വഴി 2 മത്സര സസ്പെൻഷനുമാകും താരത്തിന് ലഭിക്കുക.

എന്നാൽ സ്മിത്തിന്റെ ദേഹത്ത് താൻ മനപൂർവ്വം തട്ടിയതല്ല എന്നാണ് റബാഡ പറയുന്നത്. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിന് ശേഷം മാച്ച് റഫറി ജെഫ് ക്രോ നടത്തുന്ന ഹിയറിംഗിന് ശേഷമേ താരത്തിനെതിരെ എന്ത് നടപടി സ്വീകരിക്കും എന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളൂ. റബാഡ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയാണെങ്കിൽ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ താരത്തിന് കളിക്കാൻ കഴിയില്ല, അങ്ങനെ സംഭവിക്കുന്നത് ദക്ഷിണാഫ്രിക്കൻ ബോളിംഗിന് കനത്ത തിരിച്ചടിയാകും പരമ്പരയിൽ നൽകുക.

മുൻപ് ദക്ഷിണാഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടയിലും റബാഡയ്ക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു. ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്ക്സിനെതിരെ അസഭ്യമായ ഭാഷയിൽ സംസാരിച്ചതിന് ഒരു ടെസ്റ്റ് മത്സര സസ്പെൻഷനായിരുന്നു താരത്തിന് ലഭിച്ചത്.