SHARE

നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളർമാരിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി ചുരുങ്ങിയ കാലം കൊണ്ട് തന്നെ എതിർ ബാറ്റ്സ്മാന്മാരുടെയെല്ലാം പേടിസ്വപ്നമായി മാറിയ റബാഡ, നിലവിൽ ഐസിസിയുടെ ടെസ്റ്റ്, ഏകദിന റാങ്കിംഗുകളിൽ അഞ്ചാം സ്ഥാനത്തുണ്ട്.

ഐപിഎല്ലിൽ ഡെൽഹി ക്യാപിറ്റൽസിന്റെ താരമായ ഈ ഇരുപത്തിയഞ്ചുകാരൻ, കഴിഞ്ഞ ദിവസം ടീമുമായി ഇൻസ്റ്റഗ്രാം ലൈവ് സെഷൻ നടത്തിയിരുന്നു. ഈ സെഷനിടെ രസകരമായ ഒരു വെളിപ്പെടുത്തലും താരം നടത്തി. ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച‌ കുറച്ച് പേസ്ബൗളർമാരുടെ മികവുകൾ ഒത്തുചേർന്ന ഒരു ബൗളറാകാൻ അവസരം ലഭിച്ചാൽ ഏതൊക്കെ താരങ്ങളുടെ മികവുകൾ വേണമെന്നായിരിക്കും ആഗ്രഹിക്കുക എന്ന ചോദ്യത്തിനായിരുന്നു റബാഡ രസകരമായി ഉത്തരം നൽകിയത്.

4 പേസ് ബൗളർമാരുടെ മികവുകൾ ഒത്തുചേർന്ന ഒരു ബൗളറാകാനാണ് താൻ ആഗ്രഹിക്കുന്നതെ‌‌ന്ന് പറഞ്ഞ റബാഡ, എക്സ്പ്രസ് പേസറായ ഷോയിബ് അക്തറിന്റെ വേഗതയും, ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്തിന്റെ ബൗൺസ്, ലൈൻ, ലെംഗ്ത്ത് എന്നിവയും, ദക്ഷിണാഫ്രിക്കയുടെ ഡെയിൽ സ്റ്റെയിന്റെ അഗ്രഷനും, ഇംഗ്ലണ്ട് ഇതിഹാസം ജെയിംസ് ആൻഡേഴ്സന്റെ സ്വിംഗും ഒത്തുചേർന്ന ഒരു ബൗളറാകാനാണ് താൻ ആഗ്രഹിക്കുക എന്നാണ് പറഞ്ഞത്.