SHARE

നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാഡ. ക്രിക്കറ്റിലെ മൂന്ന്‌ ഫോർമ്മാറ്റുകളിലും മികവ് പുലർത്തുന്ന റബാഡ, ഐപിഎല്ലിൽ ഡെൽഹി ക്യാപിറ്റൽസിന്റെ പ്രധാന താരമാണ്. കഴിഞ്ഞ ദിവസം ഡെൽഹി ക്യാപിറ്റൽസുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് സെഷനിടെ ക്രിക്കറ്റിൽ താൻ പന്തെറിയാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ഏതൊക്കെ ബാറ്റ്സ്മാന്മാർക്ക് എതിരെയെന്ന് റബാഡ വെളിപ്പെടുത്തി.

ഇൻസ്റ്റഗ്രാം ലൈവ് സെഷനിടെ റബാഡയ്ക്ക് നേരിടേണ്ടി‌ വന്ന ചോദ്യങ്ങളിലൊന്ന് പന്തെറിയാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് ഏതൊക്കെ ബാറ്റ്സ്മാന്മാർക്കെതിരെ എന്നതായിരുന്നു. ഇതിന് 4 ബാറ്റ്സ്മാന്മാരുടെ പേരാണ് റബാഡ ഉത്തരം നൽകിയത്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പേരും ഈ ലിസ്റ്റിൽ റബാഡ ഉൾപ്പെടുത്തി. എതിരെ പന്തെറിയാൻ താൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മറ്റ് ബാറ്റ്സ്മാന്മാരായി സച്ചിന് പുറമേ റബാഡ ചൂണ്ടിക്കാട്ടിയത് ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സന്റേയും, വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിന്റേയും, ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗിന്റെ പേരുകളായിരുന്നു.