SHARE

ഏറ്റവും നന്ദി കെട്ട ജോലിയാണ് ഒരു ഫുട്ബോൾ ടീമിന്റെ ഗോൾ കീപ്പറുടേതെന്ന് പറയാറുണ്ട്. ഒരു മത്സരത്തിൽ എത്ര മികച്ച പ്രകടനം കാഴ്ചവെച്ചാലും അന്ന് സംഭവിച്ച ഒരു പിഴവിന്റെ പേരിലാകും അയാൾ വിലയിരുത്തപ്പെടുക എന്നത് തന്നെ കാരണം. ലോകത്ത് ഏതൊരു ഫുട്ബോൾ ടീമിലാണെങ്കിലും ഗോൾ കീപ്പർമാരുടെ ഈ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. എന്നാൽ തന്റെ ടീം ഗോളടിക്കാൻ കഴിയാതെ നിൽക്കുകയും എതിരാളികൾ ആക്രമണ ഫുട്ബോൾ കാഴ്ച വെയ്ക്കുകയും ചെയ്യുന്ന അവസരങ്ങളിൽ സ്വന്തം ടീമിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചു നിർത്താൻ ഒരാൾക്കേ കഴിയൂ. അതെ, ഗോൾ വലയ്ക്ക് മുന്നിൽ ഒറ്റയാനായി തന്റെ ടീമിനെ മുഴുവൻ സംരക്ഷിച്ച് നിർത്തുന്ന അവനാണ് ഗോൾകീപ്പർ.

കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ കാര്യത്തിലേക്ക് വരുകയാണെങ്കിൽ ഗോൾ കീപ്പർ പോൾ റച്ചൂക്കയാണ് ഇപ്പോൾ അവരുടെ ഹീറോ. നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗോളുകളൊന്നും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല, എന്നിട്ടും വിലപ്പെട്ട രണ്ട് പോയിന്റുകൾ അവരുടെ അക്കൗണ്ടിൽ വീണെങ്കിൽ അതിന് കാരണം മറ്റാരുമല്ല.

രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ക്ലീൻ ഷീറ്റുകളാണ് ഈ സീസൺ ഐ എസ് എല്ലിൽ റച്ചൂക്ക ഇതിനോടകം നേടിയത്. 180 മിനുറ്റുകളിൽ വല കാത്ത ഈ അമേരിക്കൻ ഗോളി 7 സേവുകളാണ് നടത്തിയത്.ഇതിൽ ജംഷദ്പൂർ എഫ് സി ക്കെതിരെ നടത്തിയ സേവുകൾ ഉറപ്പായിരുന്ന പരാജയത്തിൽ നിന്നാണ് കേരളത്തെ രക്ഷിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവ് അവാർഡിലും മുന്നിട്ട് നിൽക്കുന്നത് കേരളത്തിന്റെ ഈ പറക്കും ഗോളിയാണ്. ആദ്യ മത്സരങ്ങളിലെ മികവ് വരും മത്സരങ്ങളിലും തുടരാൻ റച്ചൂക്കയ്ക്ക് കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ തിളങ്ങുമെന്നുറപ്പ്