ഫുട്ബോളിലെ വംശീയാധിക്ഷേപങ്ങള്‍ അനുദിനം വര്‍ദ്ധിക്കുകയും ചര്‍ച്ചയായി മാറുകയുമാണ്. ഇപ്പോളിതാ വംശീയാധിക്ഷേപം ക്രിക്കറ്റിനെയും ബാധിക്കുന്നു. അതും അധിക്ഷേപം ഉണ്ടായതാകട്ടെ ക്രിക്കറ്റിലെ മാന്യന്മാരെന്നു പേരുള്ള ന്യൂസിലാന്‍ഡ് ടീമിന്റെ ആരാധകന്റെ ഭാഗത്തു നിന്നും. അധിക്ഷേപിച്ചതോ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ബൗളര്‍ ജോഫ്ര ആര്‍ച്ചറെ. ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സംഭവം.
തനിക്കെതിരെ വംശീയാധിക്ഷേപം ഉണ്ടായ കാര്യം ആര്‍ച്ചര്‍ തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ആര്‍ച്ചറുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ‘ എന്റെ ടീമിനെ പരാജയത്തില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാണികളിലൊരാളില് നിന്നും വംശീയ അധിക്ഷേപമുണ്ടായി അയാള്‍ ഒഴികെയുള്ള കാണികള്‍ അതിശയപ്പെടുത്തി. എപ്പോഴത്തേയും പോലെ ബാര്‍മി ആര്‍മി മികച്ചു നിന്നു’
ഉടന്‍ തന്നെ സംഭവത്തില്‍ മാപ്പു പറഞ്ഞ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് രംഗത്തു വന്നു. ടിറ്റ്വറിലൂടെയായിരുന്നു പ്രതികരണം. ‘ഇന്നത്തെ ടെസ്റ്റിനിടെ വംശീയാധിക്ഷേപം നടന്നു എന്നു കേള്‍ക്കാനിടയായി. ഇത് ഞെട്ടിക്കുന്നതാണ്. ഇംഗ്ലണ്ട് ക്രിക്കറ്റില്‍ നമ്മുടെ എതിരാളികളാണ്. പക്ഷെ അവര്‍ നമ്മുടെ സുഹൃത്തുക്കളാണെന്നു മറക്കരുത്. വംശീയാധിക്ഷേപം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ‘
സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ക്രിക്കറ്റ് ലോകത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആര്‍ച്ചറുടെ സഹതാരം ബെന്‍ സ്റ്റോക്സ് , ഐ പിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സ് എന്നിവര്‍ ഇതിനകം തന്നെ ടിറ്റ്വറിലൂടെ ശക്തമായ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. ‘ ക്രിക്കറ്റില്‍ ഇത്തരം കാര്യങ്ങള്‍ക്കു സ്ഥാനമില്ല, ഞങ്ങള്‍ താങ്കള്‍ക്കൊപ്പമുണ്ട് എന്നായിരുന്നു രാജസ്ഥാന് റോയല്‍സിന്റെ പ്രതികരണം.