ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ വിഭാഗം സിംഗിൾസിലെ ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പർ താരവുമായ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി റാഫേൽ നദാൽ സെമിയിൽ. കളിമൺ കോർട്ടിലെ ആധിപത്യം ഒരിക്കൽക്കൂടി ഊട്ടിയുറപ്പിച്ചാണ് നദാൽ ജോക്കോവിച്ചിനെ വീഴ്ത്തിയത്. സ്കോർ: 6-2 4 6 62 7-6(4). 22-ാം ഗ്രാൻസ്ലാം കിരീടവുമായി റെക്കോർഡ് നേട്ടം ഉന്നമിടുന്ന നദാൽ, വെള്ളിയാഴ്ച നടക്കുന്ന സെമി പോരാട്ടത്തിൽ മൂന്നാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ നേരിടും.
റൊളാങ് ഗാരോസിൽ 13 തവണ കിരീടം ചൂടിയ ചരിത്രമുള്ള നദാൽ, കഴിഞ്ഞ വർഷം ഇതേ വേദിയിൽ സെമിഫൈനലിലേറ്റ അപ്രതീക്ഷിത തോൽവിക്കും പകരം വീട്ടിയാണ് ഇത്തവണ സെമിയിലേക്കു മുന്നേറിയത്. പരുക്കിന്റെ പിടിയിലായിരുന്നതിനാൽ ഫ്രഞ്ച് ഓപ്പൺ ഒരുക്കങ്ങളിൽ തിരിച്ചടി നേരിട്ടെങ്കിലും, ജോക്കോവിച്ചിനെ വീഴ്ത്താൻ നദാലിനായി. പ്രീക്വാർട്ടറിൽ കനേഡിയൻ താരം ഫെലിക്സ് ഓഷെ അലിയാസിമെയ്ക്കെതിരെ അഞ്ച് സെറ്റ് കളിച്ചതിന്റെ (3-6, 6-3, 6-2, 3-6, 6-3) ക്ഷീണവും നദാലിനെ ബാധിച്ചില്ല.
2005ൽ റൊളാങ് ഗാരോസിൽ അരങ്ങേറിയ നദാൽ, അതിനുശേഷം മൂന്നു തവണ മാത്രമാണ് ഇവിടെ തോൽവിയറിഞ്ഞിട്ടുള്ളത്. ഇതുവരെ ഇവിടെ കളിച്ച 113 മത്സരങ്ങളിൽ 110 എണ്ണത്തിലും ജയിച്ചുകയറാനും നദാലിനായി. ജോക്കോവിച്ചിനെതിരായ 59 നേർക്കു നേർ പോരാട്ടങ്ങളിൽ 30-29ന്റെ നേരിയ മുൻതൂക്കവും നദാലിനായി.