SHARE

മലയാളി സൂപ്പർ താരം മൊഹമ്മദ് റാഫി ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുമെന്ന് സൂചന‌. 2015 ലും 2016 ലും കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച റാഫി 2017 ൽ ചെന്നൈയൻ എഫ് സിയിലേക്ക് ചേക്കേറുകയായിരുന്നു. നിലവിൽ ചെന്നൈയൻസിന് വേണ്ടി കളിച്ച് കൊണ്ടിരിക്കുന്ന താരത്തെ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിക്കാനുള്ള മാനേജ്മെന്റിന്റെ നീക്കം അവസാന ഘട്ടത്തിലാണെന്നാണ് ലഭിക്കുന്ന സൂചനകൾ. മലയാളി ഫുട്ബോൾ ആരാധകർക്ക് ഏറെ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്.

2014 ൽ എടികെ യിൽ കളിച്ച് ഐ എസ് എൽ കരിയറിന് തുടക്കമിട്ട റാഫി, 2015 ലാണ് കേരളാ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റ മത്സരത്തിൽത്തന്നെ ഗോളടിച്ച റാഫി ആ സീസണിൽ ടീമിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 2016 ൽ കേരളാ ബ്ലാസ്റ്റേഴ്സ്, ഫൈനലിലെത്തിയ ഐ എസ് എല്ലിന്റെ കലാശപ്പോരാട്ടത്തിൽ റാഫി ഗോൾ നേടിയിരുന്നു. 2017-18 സീസണിലാണ് റാഫിയെ കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്ന് ചെന്നൈയൻ എഫ് സി സ്വന്തമാക്കുന്നത്. തുടർന്ന് അവർക്ക് കളിച്ച് കൊണ്ടിരിക്കുന്ന റാഫി എ എഫ് സി കപ്പിലുൾപ്പെടെ ടീമിനായി മികച്ച പ്രകടനം കാഴ്ച വെച്ചു.