SHARE

ഈ മാസം ഇരുപത്തിനാലാം തീയതിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ന്യൂസിലൻഡ് പര്യടനം ആരംഭിക്കുന്നത്. മൂന്ന് വീതം ടെസ്റ്റുകളും, ഏകദിനങ്ങളും, അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ അവിടെ കളിക്കുക. നാട്ടിൽ അതിശക്തരായ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ടീം ഇന്ത്യ അല്പം വിയർക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ അതിനിടയിൽ ന്യൂസിലൻഡിൽ വിജയം നേടാൻ എന്താണ് പ്രധാനമെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ‌ സ്റ്റാർ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെ.

ന്യൂസിലൻഡിലെ കാലാവസ്ഥയോട് പൊരുത്തപ്പെടുന്നതാണ് അവിടെ മത്സരങ്ങൾ ജയിക്കുന്നതിൽ ഏറ്റവും നിർണായകമാകുന്നതെന്നും, കാലാവസ്ഥയുമായൊ പൊരുത്തപ്പെട്ടു കഴിഞ്ഞാൽ പിന്നീട് കാര്യങ്ങൾ എളുപ്പമാകുമെന്നും രഹാനെ പറയുന്നു. ഇന്ത്യ സീനിയർ താരത്തിന്റെ വാക്കുകൾ ഇങ്ങനെ , “ഞങ്ങൾ 2014 ൽ അവിടെ കളിച്ചിരുന്നു. എല്ലായ്പ്പോളും ഇളം കാറ്റിന്റെ സാന്നിധ്യം അവിടുത്തെ മത്സരങ്ങളിലുണ്ടാവും. എനിക്ക് തോന്നുന്നു, കാലാവസ്ഥയോടും സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്നതാണ് ന്യൂസിലൻഡിൽ ഏറ്റവും നിർണായകമാവുക.

ബേസിക്കുകളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ നോക്കുക. എല്ലായ്പ്പോളും നിങ്ങളുടെ കളി എളുപ്പമുള്ളതാക്കുക. ശരീരത്തോട് ചേർന്ന് കളിക്കാൻ നോക്കുക. സാഹചര്യങ്ങൾക്ക് അനുസരിച്ച് അവിടെ ബൗൺസിലും, പേസിലും വ്യതിയാനം വരും. ” രഹാനെ പറഞ്ഞുനിർത്തി.