SHARE

പതിനൊന്നാംഎഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെ അജിങ്ക്യ രഹാനെ നയിക്കും. നേരത്തെ ടീമിന്റെ നായകനായി പ്രഖ്യാപിച്ചിരുന്ന ഓസീസ് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ഐപിഎൽ നായക സ്ഥാനം ഒഴിയാൻ തീരുമാനിച്ചതോടെയാണ് രഹാനെ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തിയത്‌. നായക സ്ഥാനംഒഴിഞ്ഞെങ്കിലും കളികാരനെന്ന നിലയിൽ സ്മിത്ത് രാജസ്ഥാനൊപ്പമുണ്ടാകും.

നേരത്തെ ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റിനിടെയുണ്ടായ പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ഓസ്ട്രേലിയൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് തൽക്കാലത്തേക്ക് മാറി നിൽക്കേണ്ടി വന്ന രഹാനെയെ രാജസ്ഥാന്റെ നായക സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് സൗരവ് ഗാംഗുലി അടക്കമുള്ള മുൻ ക്രിക്കറ്റർമാർ രംഗത്ത് വന്നിരുന്നു. നിലവിലുണ്ടായിരിക്കുന്ന വിവാദം രാജസ്ഥാൻ റോയൽസിനെ ബാധിക്കാതിരിക്കാനും, യാതൊരു പ്രശ്നങ്ങളുമില്ലാതെ സീസണിൽ രാജസ്ഥാന് കളിക്കാനും വേണ്ടിയാണ് സ്മിത്ത് നായക സ്ഥാനത്ത് നിന്ന് മാറുന്നതെന്ന് രാജസ്ഥാൻ റോയൽസ് ഹെഡ് ഓഫ് ക്രിക്കറ്റ് സുബിൻ ബറൂക്ക പറയുന്നു.

വർഷങ്ങളായി രാജസ്ഥാൻ റോയൽസിനൊപ്പമുള്ള താരമാണ് രഹാനെയെന്നും, രാജസ്ഥാൻ റോയൽസ് കുടുംബത്തെ ഏറ്റവും നന്നായി അറിയാവുന്ന ആളെന്ന നിലയ്ക്ക് ടീമിനെ വലിയ വിജയങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും പുതിയ നായകനെ പ്രഖ്യാപിച്ച് കൊണ്ട് ബറൂക്ക പറഞ്ഞു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുന്ന രാജസ്ഥാൻ ഏപ്രിൽ ഒൻപതിന് സൺ റൈസേഴ്സ് ഹൈദരാബാദുമായി നടക്കുന്ന പോരാട്ടത്തോടെയാണ് ഈ വർഷത്തെ ഐപിഎല്ലിന് തുടക്കം കുറിക്കുന്നത്.