SHARE

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ 8 റൺസിന്റെ പരാജയമേറ്റു വാങ്ങിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസ് നായകൻ അജിങ്ക്യ രഹാനെയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ രാജസ്ഥാൻ നായകൻ രഹാനെയ്ക്കെതിരെ പിഴശിക്ഷ വിധിച്ചതാണ് രാജസ്ഥാന് തിരിച്ചടിയായത്‌. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ആദ്യം ബോൾ ചെയ്ത രാജസ്ഥാന് നിശ്ചിത സമയത്ത് ഓവറുകൾ എറിഞ്ഞ് തീർക്കാനായിരുന്നില്ല. 12 ലക്ഷം രൂപയാണ് ഇതിന് രഹാനെ പിഴയൊടുക്കേണ്ടത്.

ഇത് സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗത്ത് നിന്ന് വരുന്ന ആദ്യ വീഴ്ചയായതിനാലാണ് ശിക്ഷ‌ പിഴയിൽ മാത്രമൊതുങ്ങിയത്. ഇനിയും ഇത് ആവർത്തിക്കുകയാണെങ്കിൽ സസ്പെൻഷൻ പോലുള്ള നടപടികളാവും രഹാനെയെ കാത്തിരിക്കുന്നത്. ഇന്നലെ രാത്രി എട്ട് മണിക്ക് ആരംഭിച്ച മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സ് 9.58 ആയപ്പോളായിരുന്നു അവസാനിച്ചത്.