SHARE

ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകനും സീനിയർ താരവുമായ അജിങ്ക്യ രഹാനെ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുമെന്ന് സൂചനകൾ. ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ കളിച്ചായിരിക്കും ഇത്. മുംബൈ മിററാണ് ഇപ്പോൾ ഇത്തരമൊരു വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തിന് മുഴുവൻ അത്ഭുതം സമ്മാനിക്കുന്ന വാർത്തയാണിത്.

2018 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയിലായിരുന്നു രഹാനെ ഏറ്റവും അവസാനമായി കളിച്ചത്. ടെസ്റ്റ് ടീമിലെ‌ സ്ഥിരാംഗമാണെങ്കിലും ഏകദിന ടീമിൽ പിന്നീട് തിരിച്ചെത്താൻ രഹാനെയ്ക്ക് കഴിഞ്ഞിരുന്നില്ല. ഏകദിന ടീമിൽ കളിച്ച് കൊണ്ടിരുന്നപ്പോൾ ടീമിന്റെ നാലാം നമ്പരിലായിരുന്നു താരം ബാറ്റ് ചെയ്ത കൊണ്ടിരുന്നത്‌. ഇന്ത്യൻ ടീമിന്റെ സെലക്ഷൻ കമ്മറ്റി മീറ്റിംഗിൽ സീനിയർ സെലക്ടർമാരിലൊരാളാണ് രഹാനെയെ ഏകദിന ടീമിലേക്ക് തിരിച്ച് വിളിക്കണം എന്ന ആവശ്യവുമായി രംഗത്ത് വന്നത്.

അതേ സമയം‌ 3 ഏകദിന മത്സരങ്ങളാണ് ന്യൂസിലൻഡിൽ ഇന്ത്യ കളിക്കുന്നത്. ഈ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ നിലവിൽ ഓസീസിനെതിരെ നടന്ന്‌ കൊണ്ടിരിക്കുന്ന ഏകദിന പരമ്പര അവസാനിക്കുന്നത് വരെ സെലക്ടർമാർ കാത്തിരിക്കുമെന്നാണ് സൂചന.