SHARE

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍ക്കോ ഷട്ടോരിയുമായി ഏറെ അടുപ്പമുള്ള താരമാണ് ടി.പി. രഹനേഷ്. കഴിഞ്ഞ സീസണില്‍ ഇരുവരും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ ഒരുമിച്ചിട്ടുണ്ടായിരുന്നു. ഷട്ടോരി ബ്ലാസ്‌റ്റേഴ്‌സിലെത്തിയതിന് തൊട്ടുപിന്നാലെ രഹനേഷും കൊച്ചിയിലേക്ക് എത്തി. ഷട്ടോരിയുടെ കീഴില്‍ കഠിന പരിശീലനത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഇപ്പോള്‍ തന്റെ കോച്ചിന്റെ ഗുണങ്ങള്‍ തുറന്നുപറയുകയാണ് രഹനേഷ്.

എത്ര ദുഷ്‌കരമായ ദൗത്യമാണെങ്കിലും ആത്മവിശ്വാസത്തോടെ ഒരിഞ്ചു പോലും വിട്ടുകൊടുക്കാതെ പോരാടുകയാണ് ഷട്ടോരിയുടെ മേന്മയെന്ന് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പറയുന്നു. അവസാന ശ്വാസം വരെ പോരാടണമെന്നാണ് അദേഹത്തിന്റെ പോളിസി. കളിക്കാര്‍ വരുത്തുന്ന തെറ്റുകള്‍ ഒരിക്കല്‍പ്പോലും പരസ്യമായി പറഞ്ഞ് അവരെ ശാസിക്കാറില്ല. ടീം മീറ്റിംഗിലോ താരത്തെ സ്വകാര്യമായി വിളിച്ചോ മാത്രമാകും തെറ്റുകള്‍ പറഞ്ഞു കൊടുക്കുക- രഹനേഷ് പറയുന്നു.

നിലവില്‍ കൊച്ചിയിലാണ് കേരള ടീമുള്ളത്. താരങ്ങളുടെ വൈദ്യപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. ടീം അടുത്തദിവസം തന്നെ യുഎഇയിലേക്ക് തിരിക്കും. മുഹമ്മദ് റാഫിയും അര്‍ജുന്‍ ജയരാജും അടക്കമുള്ള താരങ്ങള്‍ കൊച്ചി മാരിയറ്റ് ഹോട്ടലിലുണ്ട്. മറ്റ് വിദേശതാരങ്ങളും കോച്ച് ഷട്ടേരിയും ടീമിനൊപ്പം ചേര്‍ന്നു. യുഎഇയിലെ പ്രൊഫഷണല്‍ എ,ബി ഡിവിഷന്‍ ക്ലബ്ബുകള്‍ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നാല് മത്സരങ്ങള്‍ കളിക്കും. ആറാം തിയതി അല്‍ ഫുജൈറയിലെ ഡിബ്ബ ക്ലബുമായാണ് ആദ്യ മത്സരം.