SHARE

മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് പോലിസില്‍ പരാതി നല്‍കി. ബെംഗളുരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി തനിക്ക് നല്‍കേണ്ട മുഴുവന്‍ പണവും നല്‍കിയില്ലെന്ന് വ്യക്തമാക്കിയാണ് ദ്രാവിഡിന്റെ പരാതി. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പോണ്‍സി സ്‌കീം പ്രകാരം വിക്രം ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന പേരിലുള്ള കമ്പനിയില്‍ ദ്രാവിഡ് 20 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ തനിക്ക് കമ്പനി 16 കോടി രൂപ മാത്രമാണ് തിരിച്ചു നല്‍കിയതെന്നാണ് ദ്രാവിഡിൻ്റെ പരാതി. ബനശങ്കരി പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി പോലീസ് അധികൃതര്‍ വ്യക്തമാക്കി.

‘ കമ്പനിയുടെ ഉടമയെ റിമാൻ്റ് ചെയ്തിരിക്കുകയാണ്, 300 കോടി രൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയിട്ടുള്ളത്, ഞങ്ങള്‍ അന്വേഷിച്ച് വരികയാണ്’ – പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. സെയ്‌ന നെഹ്‌വാള്‍, പ്രകാശ് പദുക്കോണ്‍ തുടങ്ങിയവരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.