SHARE

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും താരസമ്പന്നമായ ടീമുകളാണ് ചെന്നൈ സൂപ്പർ കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നിവർ‌. ആരാധകരുടെ കാര്യത്തിലും ഐപിഎല്ലിൽ മുന്നിലുള്ള ടീമുകളാണ് ഇവർ. അതേ സമയം ഐപിഎൽ പ്രകടനങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോൾ ചെന്നൈയും, ബാംഗ്ലൂരും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ചെന്നൈയുടെ അക്കൗണ്ടിൽ മൂന്ന് ഐപിഎൽ കിരീടങ്ങളുണ്ടെങ്കിൽ, ഇത് വരെ ഐപിഎൽ ചാമ്പ്യന്മാരാകാൻ കഴിഞ്ഞിട്ടില്ലാത്ത ടീമാണ് ബാംഗ്ലൂർ‌. ഇപ്പോളിതാ ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈയുടെ വിജയങ്ങൾക്കും, ബാംഗ്ലൂരിന്റെ‌ പരാജയങ്ങൾക്കും കാരണമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ബാംഗ്ലൂർ നായകൻ കൂടിയായ രാഹുൽദ്രാവിഡ്.

ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ പിഴവ് സംഭവിക്കുന്നത് ബാംഗ്ലൂരിന് എല്ലായ്പ്പോളും തിരിച്ചടിയാവാറുണ്ടെന്നും, അത് ടീമിന്റെ മോശം പ്രകടനങ്ങൾക്ക് പ്രധാന കാരണമാണെന്നും ദ്രാവിഡ് പറയുന്നു. ഒരിക്കലും സന്തുലിതമായ ടീമിനെ തിരഞ്ഞെടുക്കാൻ ബാംഗ്ലൂരിന് കഴിഞ്ഞിട്ടില്ലെന്നും ലേലത്തിൽ മോശം ഇടപെടലുകളാണ് അവരുടേതെന്നും പറയുന്ന ദ്രാവിഡ്, യുവരാജിന് വേണ്ടി 15 കോടി രൂപ അവർ ചിലവഴിച്ച സമയത്ത് ഡെത്ത് ബോളറെ വാങ്ങാൻ ബാംഗ്ലൂരിന്റെ പക്കൽ പണമുണ്ടായിരുന്നില്ലെന്നും ഇത്തരം സമീപനങ്ങൾ അവരെ പിന്നോട്ടടിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു.

താരങ്ങളെ തിരഞ്ഞെടുക്കുമ്പോളുള്ള സ്ഥിരതയാണ് ചെന്നൈയുടെ വിജയമന്ത്രമെന്നാണ് ദ്രാവിഡിന്റെ‌ പക്ഷം ധോണി, റെയ്ന, ബ്രാവോ എന്നിവരെപ്പോലെയുള്ള താരങ്ങൾ ടീമിന്റെ സ്ഥിര സാന്നിധ്യങ്ങളാണെന്നും‌ ഇത് ടീമിന്റെ വളർച്ചയ്ക്ക് വഴി വെക്കുന്നുണ്ടെന്നും പറയുന്ന ദ്രാവിഡ് മികച്ച വിദേശ താരങ്ങൾ എല്ലായ്പ്പോളും ചെന്നൈയ്ക്കൊപ്പമുണ്ടാകുമെന്നും ഇതെല്ലാം ചെന്നൈയുടെ വിജയങ്ങൾക്ക് പ്രധാന കാരണങ്ങളാണെന്നും കൂട്ടിച്ചേർത്തു.