SHARE

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ പരാജയത്തെ മുഖാമുഖം കണ്ടതിന് ശേഷമായിരുന്നു ഇന്ത്യ 3 വിക്കറ്റിന്റെ ആവേശ ജയം നേടിയത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 276 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ 193/7 എന്ന നിലയിലേക്ക്‌ വീണെങ്കിലും, എട്ടാമനായി ബാറ്റിംഗിനിറങ്ങിയ ദീപക് ചഹറിന്റെ ഉജ്ജ്വല ബാറ്റിംഗ് ടീമിനെ ശക്തമായി മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വരുകയായിരുന്നു‌. മത്സരത്തിൽ 82 പന്തുകളിൽ 7 ബൗണ്ടറികളും, ഒരു സിക്സറുമടക്കം 69 റൺസ് നേടി പുറത്താകാതെ നിന്ന ചഹർ, ഭുവനേശ്വർ കുമാറിനെ കൂട്ടു പിടിച്ച് അഞ്ച് പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യയെ അപ്രതീക്ഷിത വിജയത്തിലേക്ക് നയിച്ച് കളിയിലെ കേമനായതിന് ശേഷം സംസാരിക്കവെ പരിശീലകൻ രാഹുൽ ദ്രാവിഡിനായിരുന്നു നന്നായി ബാറ്റ് ചെയ്യാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ദീപക് ചഹർ നൽകിയത്. ദ്രാവിഡിന് തന്റെ ബാറ്റിംഗിലുള്ള വിശ്വാസമാണ് നന്നായി ബാറ്റ് ചെയ്യാൻ തന്നെ പ്രചോദിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ചഹർ, വരും മത്സരങ്ങളിൽ തനിക്ക് ബാറ്റ് ചെയ്യേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നതായും തമാശ രീതിയിൽ പറഞ്ഞു‌.

“രാഹുൽ സാർ എല്ലാ ബോളുകളും കളിക്കാനാണ് എന്നോട് പറഞ്ഞത്. ദ്രാവിഡിന് കീഴിൽ ഇന്ത്യ എ ടീമിൽ ഞാൻ കുറച്ച് ഇന്നിംഗ്സുകൾ കളിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ ബാറ്റിംഗിനെ വിശ്വസിക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. എനിക്ക് ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യാനുള്ള മികവുണ്ടെന്ന് അദ്ദേഹത്തിന് തോന്നുന്നതായി രാഹുൽ സാർ എന്നോട് പറഞ്ഞു. അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ട്. വരും മത്സരങ്ങളിൽ എനിക്ക് ബാറ്റ് ചെയ്യേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നു. ജയിക്കാൻ വേണ്ട റൺസ് 50 ൽ താഴെയെത്തിയപ്പോളാണ് ഞങ്ങൾക്ക് ജയിക്കാനുമെന്ന വിശ്വാസം എനിക്ക് വന്നത്.” മത്സരശേഷം ദീപക് ചഹർ പറഞ്ഞു.