SHARE

ഈ ഐപിഎല്ലിലെ മികച്ച ടീമുകളെ വിശേഷണം പേറുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മറ്റൊരു തകര്‍പ്പന്‍ വിജയം കൂടി. രാജസ്ഥാന്‍ റോയല്‍സാണ് ഇത്തവണ പഞ്ചാബിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ കീഴടങ്ങിയത്. ലോകേഷ് രാഹുല്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 6 വിക്കറ്റിനാണ് പഞ്ചാബിന്റെ ജയം. സ്‌കോര്‍ രാജസ്ഥാന്‍ 152-9, പഞ്ചാബ് 155-4. ജയത്തോടെ 12 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് എത്താനും അശ്വിനും കൂട്ടര്‍ക്കുമായി.

ടീം വര്‍ക്കിന്റെ ജയമെന്ന് വിശേഷിപ്പിക്കാമെങ്കിലും ബാറ്റിംഗില്‍ രാഹുലിന്റെ ഒറ്റയാന്‍ പ്രകടനമായിരുന്നു പ്രധാന പ്രത്യേകത. 54 പന്തില്‍ മൂന്നു സിക്‌സറും ഏഴു ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ 84 റണ്‍സ്. ആവശ്യമായ സമയത്ത് ബാറ്റിംഗിന്റെ വേഗത കൂട്ടാനും താരത്തിനായി. അഞ്ചാം വിക്കറ്റില്‍ മാര്‍കസ് സ്റ്റോയിനിസുമായി (23) ചേര്‍ന്ന് നേടിയ 35 പന്തിലെ 68 റണ്‍സ് കൂട്ടുകെട്ടാണ് ജയത്തില്‍ നിര്‍ണായകമായത്.

നന്നായി തുടങ്ങുക മോശമായി അവസാനിപ്പിക്കുക; ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ രീതിയാണിത്. ഇന്‍ഡോറില്‍ നിര്‍ണായക മത്സരത്തിന് ഇറങ്ങിയപ്പോഴും പതിവ് പറ്റിച്ചില്ല രാജസ്ഥാന്‍. ഷോര്‍ട്ട് (2) തുടക്കത്തിലേ മടങ്ങിയെങ്കിലും ഓപ്പണര്‍ ജോസ് ബട്‌ലര്‍ തകര്‍ത്തടിച്ചതോടെ രാജസ്ഥാന്റെ തുടക്കം ഗംഭീരമായി. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (5) മടങ്ങിയശേഷം ക്രീസിലെത്തിയ സഞ്ജു സാംസണ്‍ ആയിരുന്നു ബട്‌ലറിന്റെ നല്ല കൂട്ടുകാരന്‍. ഇരുവരും ക്ലാസ് ഷോട്ടുകളുമായി മുന്നേറിയതോടെ പഞ്ചാബിന്റെ പിടിയയഞ്ഞു. എന്നാല്‍ ആന്‍ഡ്രു ടൈ എറിഞ്ഞ പതിനൊന്നാം ഓവറില്‍ കളിമാറി.

പുള്‍ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് പിഴച്ചു. ബൗണ്ടറിലൈനില്‍ കരുണ്‍ നായര്‍ക്ക് ക്യാച്ച് നല്കി മടങ്ങുമ്പോള്‍ മലയാളിതാരത്തിന്റെ സമ്പാദ്യം 28 റണ്‍സ്. പിന്നെയൊരു കൂട്ടത്തകര്‍ച്ചയാണ് കണ്ടത്. മുജീബിന്റെ പന്തില്‍ ബെന്‍ സ്റ്റോക്‌സിനെ മനോഹരമായ റിലേ ക്യാച്ചില്‍ മയങ്ക് അഗര്‍വാള്‍- മനോജ് തിവാരി കുട്ടുകെട്ട് പുറത്താക്കി. 12 റണ്‍സായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ ബട്‌ലറും (51), ജോഫ്ര ആര്‍ച്ചറും (പൂജ്യം) മുജീബിന്റെ അടുത്തടുത്ത പന്തുകളില്‍ പുറത്ത്. അധികം വൈകാതെ കൃഷ്ണപ്പ ഗൗതവും (5) വീണു.