SHARE

2018 മുതൽ പഞ്ചാബ് കിംഗ്സിനൊപ്പമുള്ള ഇന്ത്യൻ സൂപ്പർ താരം കെ എൽ രാഹുൽ പതിനഞ്ചാം സീസൺ ഐപിഎല്ലിന് മുന്നോടിയായി ഫ്രാഞ്ചൈസിയുമായി വേർ പിരിഞ്ഞെന്ന് സൂചന. പഞ്ചാബ് കിംഗ്സ് വിടുന്ന രാഹുൽ വരും സീസണിൽ ഐപിഎല്ലിലെ പുതിയ ടീമായ ലക്നൗവിന്റെ നായകനാകുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കരാറുമായി ബന്ധപ്പെട്ട കാര്യത്തിൽ രാഹുൽ, ലക്നൗവുമായി ചർച്ചകൾ നടത്തിയെന്നും അക്കാര്യത്തിൽ അവരുമായി ധാരണയിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞെന്നും ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു‌. അധികം താമസിയാതെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

അതേ സമയം നേരത്തെ 2018 ൽ നടന്ന മെഗാതാരലത്തിൽ നിന്നായിരുന്നു പഞ്ചാബ് ഫ്രാഞ്ചൈസി രാഹുലിനെ സ്വന്തമാക്കിയത്. വൻ തുകയ്ക്ക് പഞ്ചാബിലെത്തിയ രാഹുൽ തന്റെ പ്രൈസ് ടാഗിനോട് നീതിപുലർത്തുന്ന പ്രകടനമാണ് അവിടെ ബാറ്റ് കൊണ്ട് കാഴ്ച വെച്ചത്. 2018 സീസണിൽ 659 റൺസ് അടിച്ചു കൂട്ടിയ താരം, 2019 ൽ 593 റൺസും, 2020 ൽ 670 റൺസും, 2021 ൽ 626 റൺസുമാണ് നേടിയത്. ബാറ്റ് കൊണ്ട് മിന്നിയെങ്കിലും പഞ്ചാബിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് തിളങ്ങാൻ രാഹുലിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ട് സീസണുകളിലും ടീമിനെ നയിച്ച രാഹുലിന് കീഴിൽ ദയനീയമായിരുന്നു പഞ്ചാബിന്റെ പ്രകടനം.