SHARE

വിക്കറ്റ്‌സ് കീപ്പര്‍ ബാറ്റ്‌സ്മാനായ ധോണി ടീമില്‍ നിന്നും വിട്ടു നിന്നപ്പോള്‍ അതേ റോളില്‍ ആ സ്ഥാനത്തേയ്‌ക്കെത്തിയ പന്തിന്റെ സ്ഥാനത്തിന് ഇളക്കം തട്ടി തുടങ്ങിയതായി സൂചനകള്‍. കെ.എല്‍ രാഹുല്‍ എന്ന ബാറ്റ്‌സ്മാനില്‍ നിന്നും ഒരു മികച്ച വിക്കറ്റ്കീപ്പറെക്കൂടി ലഭിച്ചതോടെയാണ് പന്തിന് പണി കിട്ടുമോ എന്ന സംശയം ഉയരുന്നത്.

വിക്കറ്റ് കീപ്പിംഗിന് ശേഷം ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടാകുമെന്നായിരുന്നു രാഹുലിനെ വിക്കറ്റ് കീപ്പിംഗ് ഏല്‍പ്പിക്കുമ്പോള്‍ ഉയര്‍ന്ന ഒരു എതിര്‍വാദം. എന്നാല്‍ താന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ആസ്വദിക്കുകയാണെന്നാണ് രാഹുല്‍ പറയുന്നത്. രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു

“സത്യമായും ഞാന്‍ ഈ പുതിയ ജോലി ആസ്വദിക്കുന്നു. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും വിക്കറ്റ് കീപ്പറായിട്ടുണ്ട്. എന്നാല്‍ രാജ്യാന്തര മത്സരങ്ങളില്‍ ആദ്യമാണ്. വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്നത് ശരിക്കും ആസ്വാദ്യമാണ്. വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോഴാണ് പിച്ചിനെക്കുറിച്ച് ശരിയായ ധാരണ ലഭിക്കുന്നത്.താന്‍ ഇത് നായകനും ബൗളര്‍മാര്‍ക്കും കൈമാറാറുമുണ്ട്.” രാഹുല്‍ പറഞ്ഞു.

വിക്കറ്റിനു മുമ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സ്ഥാനമുറപ്പിച്ച രാഹുല്‍ വിക്കറ്റിനു പിന്നില്‍ കൂടി ഉറച്ചാല്‍ പണി കിട്ടുക പന്തിനായിരിക്കും. ബാറ്റിംഗിലോ കീപ്പിംഗിലോ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്ത പന്ത് കീപ്പിംഗില്‍ വരുത്തുന്ന പിഴവുകളും ചെറുതല്ല.