SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗ് പതിനഞ്ചാം സീസണിൽ ഏവരേയും അത്ഭുതപ്പെടുത്തിയ ടീമാണ് ​ഗുജറാത്ത് ടൈറ്റൻസ്. ഐപിഎല്ലിൽ ഇക്കുറി മാത്രം അരങ്ങേറിയ അവർ ലീ​ഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. ഇതിനുപിന്നാലെ ആദ്യ ക്വാളിഫയറിൽ മിന്നുന്ന ജയം നേടി ഫൈനലിലേക്കും അവർ കുതിച്ചു.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്വന്തം നാട്ടിലെ കാണികൾക്ക് മുന്നിലാണ് ​ഗുജറാത്ത് കളിക്കുന്നത്. ഇന്ന് നടക്കുന്ന രാജസ്ഥാൻ റോയൽസ്-റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരു ക്വാളിഫയർ പോരാട്ടത്തിലെ വിജയികളെയാണ് ​ഗുജറാത്ത് കലാശപ്പോരിൽ നേരിടുക. കലാശപ്പോരാട്ടത്തിന് തയ്യാറെടുക്കുമ്പോൾ ടീമെന്ന നിലയിലുള്ള പ്രകടനമാണ് ​ടൈറ്റൻസിന്റെ പ്രതീക്ഷ. ടൈറ്റൻസിനെ മറ്റ് ടീമുകളിൽ നിന്ന് വേറിട്ടുനിർത്തുന്നത് ഈ മികവാണെന്നാണ് സൂപ്പർതാരം രാഹുൽ തേവാട്ടിയ പറയുന്നത്.

ഏതെങ്കിലും ഒരു താരത്തെ ആശ്രയിച്ചല്ല ഞങ്ങൾ കളിക്കുന്നത്, ടീം വർക്കാണ് ഞങ്ങൾക്ക് പ്രധാനം, മറ്റ് ടീമുകളിൽ നിന്ന് ഞങ്ങളെ വേറിട്ടുനിർത്തുന്നത് അതാണ്, ശാന്തവും സന്തോഷകരവുമായി അന്തരീക്ഷമാണ് ടീമിൽ, അതും ഞങ്ങളുടെ ഈ മികച്ച പ്രകടനത്തെ സഹായിച്ചു. തേവാട്ടിയ ടൈംസ് നൗവിനോട് പറഞ്ഞു.