SHARE

കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ഷെൽഡൻ കോട്രലിന്റെ ഒരോവറിൽ അഞ്ച് സിക്സറുകൾ പറത്തി രാജസ്ഥാൻ റോയൽസിനെ ചരിത്ര വിജയത്തിലേക്ക് നയിച്ച മത്സരത്തിന് ശേഷം ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താരമാണ്‌ രാഹുൽ തേവാതിയ. ഈ മത്സരത്തോടെ രാജസ്ഥാന്റെ ഫിനിഷർ സ്ഥാനത്തേക്ക് ഉയർന്ന താരം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലും ചെറിയ വെടിക്കെട്ട് തീർത്തു. ഇതിൽ ബാംഗ്ലൂരിന്റെ എക്സ്പ്രസ്സ് പേസ് ബൗളർ നവ്ദീപ് സൈനിയുടെ ബീമർ ദേഹത്ത് പതിച്ചതിന് ശേഷം താരം നേടിയ രണ്ട് സിക്സറുകൾ ആരാധകരെ ശരിക്കും ആവേശം കൊള്ളിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിന്റെ അവസാന ഓവറിലായിരുന്നു സൈനിയുടെ ബീമറും, പിന്നാലെ തേവാതിയയുടെ പ്രതികാരവും. അതിവേഗത്തിലുള്ള സൈനിയുടെ ബീമർ കൊണ്ട് നിലത്തുവീണ തേവാതിയ ഫ്രീഹിറ്റ് ലഭിച്ച അടുത്ത പന്ത് അതിർത്തി വരയ്ക്ക് മുകളിലൂടെ പറത്തി. എന്നാൽ അത് കൊണ്ട് നിർത്താൻ ഈ ഇടം കൈയ്യൻ ബാറ്റ്സ്മാൻ തയ്യാറായിരുന്നില്ല. സൈനിയുടെ അടുത്ത പന്തും സിക്സറിന് പറന്നു.

മത്സരത്തിൽ ഇഴഞ്ഞു നീങ്ങിയ രാജസ്ഥാൻ സ്കോർ 150 കടത്തിയതും തേവാതിയയുടെ ഈ വെടിക്കെട്ട് ബാറ്റിംഗായിരുന്നു. മത്സരത്തിൽ 12 പന്തിൽ 3 സിക്സറുകളടക്കം 24 റൺസ് നേടി പുറത്താകാതെ നിന്ന തേവാതിയയുടെ മികവിൽ നിശ്ചിത 20 ഓവറിൽ 154/6 എന്ന ഭേദപ്പെട്ട സ്കോർ നേടിയെങ്കിലും, മത്സരത്തിൽ ബാംഗ്ലൂർ 8 വിക്കറ്റിന്റെ അനായാസ ജയം നേടുകയായിരുന്നു.