SHARE

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച റെയ്‌നയ്ക്ക് വീണ്ടും അര്‍ധസെഞ്ചുറി. ഓപ്പണര്‍ ഉമംഗ് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗും കൂടിയായപ്പോള്‍ ബറോഡയ്‌ക്കെതിരെ ഏഴുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഉത്തര്‍പ്രദേശ് സ്വന്തമാക്കിയത്. സ്‌കോര്‍: ബറോഡ: 192-3 (20). ഉത്തര്‍പ്രദേശ് 195-3(18.4).

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബറോഡയ്ക്ക് വേണ്ടി ഉര്‍വില്‍ പട്ടേല്‍ തകര്‍പ്പന്‍ ബാറ്റിംഗാണ് കാഴ്ച്ച വെച്ചത്. 54 പന്തില്‍ 96 റണ്‍സെടുത്ത താരത്തിന്റെയും 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദീപക് ഹൂഡയുടെയും മിന്നൽ  പ്രകടനമാണ് ബറോഡയെ മികച്ച സ്‌കോറിലെത്തിച്ചത്. 37 റണ്‍സെടുത്ത കേദാര്‍ ദേവദറും ടീം സ്‌കോറില്‍ തൻ്റേതായയ സംഭാവന നല്‍കി. ഉത്തര്‍പ്രദേശിന് വേണ്ടി മുഹ്‌സിന്‍ ഖാന്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി.

-Advertisement-

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഉത്തര്‍പ്രദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഇന്നിംഗ്‌സിന്റെ ആദ്യപന്തില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ ശിവം ചൗധരിയാണ് പുറത്തായത്.  പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഉമംഗ് ശര്‍മ്മയും സുരേഷ് റെയ്‌നയും ചേര്‍ന്ന് 160 റണ്‍സ് പാര്‍ട്ട്ണര്‍ഷിപ്പാണ് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.

ഉമംഗ് ശര്‍മ്മ 95 റണ്‍സും റെയ്‌ന 56 റണ്‍സുമെടുത്ത് പുറത്താവുമ്പോഴേക്കും ടീം വിജയത്തിനെടുത്തിയിരുന്നു. അവസാന ഓവറുകളില്‍ റിങ്കു സിംഗിന്റെ വെടിക്കെട്ട് കൂടിയായതോടെ ഉത്തര്‍പ്രദേശ് അനായാസം വിജയം സ്വന്തമാക്കുകയും ചെയ്തു.  ബറോഡയ്ക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ ഒരു വിക്കറ്റ് വീഴ്ത്തി.