SHARE

ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേ ജയിക്കാന്‍ 170 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഒരുഘട്ടത്തില്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും ധോണിയെയും (26) ഡ്വെയ്ന്‍ ബ്രാവോയെയും (പൂജ്യം) വീഴ്ത്തി മിച്ചല്‍ മക്ല്ഗാനാണ് മുംബൈയ്ക്ക് ആശ്വാസം സമ്മാനിച്ചത്. പതിനെട്ടാം ഓവറില്‍ വെറും നാലു റണ്‍സ് വിട്ടുകൊടുത്തായിരുന്നു കിവി താരം രണ്ടുവിക്കറ്റ് വീഴ്ത്തിയത്. സുരേഷ് റെയ്‌നയുടെ (75) തകര്‍പ്പന്‍ ബാറ്റിംഗാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ പതിയെയാണ് തുടങ്ങിയത്. ആദ്യ വിക്കറ്റായി ഷെയ്ന്‍ വാട്‌സണ്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും 26 റണ്‍സ് മാത്രം. പാണ്ഡ്യയാണ് വാട്‌സനെ (12) പുറത്താക്കിയത്. എന്നാല്‍ സുരേഷ് റെയ്‌ന അമ്പാട്ടി റായ്ഡുവിന് കൂട്ടായി ക്രീസിലെത്തിയതോടെ കളി മാറി. ബൗളര്‍മാരെ സമര്‍ഥമായി നേരിട്ട ഇരുവരും അതിവേഗം സ്‌കോറുയര്‍ത്തി. മറ്റൊരു വമ്പന്‍ ഇന്നിംഗ്‌സ് കളിക്കാനുള്ള ഒരുക്കത്തിലാണ് റായ്ഡുവെന്ന് തോന്നിച്ച ഘട്ടത്തിലാണ് പാണ്ഡ്യ വീണ്ടും ആഞ്ഞടിച്ചത്. 35 പന്തില്‍ 46 റണ്‍സെടുത്ത റായ്ഡു പുറത്തു.

സ്ഥാനക്കയറ്റം നേടി ക്യാപ്റ്റന്‍ ധോണിയെത്തിയത് വ്യക്തമായ പദ്ധതികളോടെയാണ്. റെയ്‌ന-ധോണി കൂട്ടുകെട്ട് ഒത്തുചേര്‍ന്നതോടെ സ്‌കോറും അതിവേഗം കുതിച്ചു. ഇതിനിടെ 35 പന്തില്‍ റെയ്‌ന അര്‍ധശതകം തികച്ചു. തൊട്ടുപിന്നാലെ ധോണിയെ (26) എവിന്‍ ലൂയിസിന്റെ കൈകളിലെത്തിച്ച് മിച്ചല്‍ മക്ലഗ്ഷന്‍ മുംബൈയ്ക്ക് ആശ്വാസമേകി. തൊട്ടുപിന്നാലെ ബ്രാവോയും വീണതോടെ പടുകൂറ്റന്‍ സ്‌കോര്‍ നേടാമെന്ന ചെന്നൈയുടെ മോഹം പൊലിഞ്ഞു.

മുംബൈയ്ക്കും രോഹിത് ശര്‍മയ്ക്കും അത്ര സുഖകരമായ സീസണല്ല കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ആറു മത്സരങ്ങള്‍ കളിച്ചപ്പോള്‍ ജയിക്കാനായത് വെറും ഒരെണ്ണം മാത്രം. പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലും. മിക്ക കളികളും കപ്പിനു ചുണ്ടിനുമിടയിലാണ് അവര്‍ക്ക് നഷ്ടമായത്. പ്ലേഓഫിന് യോഗ്യത നേടണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ജയിക്കേണ്ടുന്ന അവസ്ഥയിലാണ് മുംബൈ.