SHARE

ആദ്യാവസാനം വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ത്രസിപ്പിക്കുന്ന ജയം. സഞ്ജു സാംസണ്‍ ഒരുക്കിയ അടിത്തറയില്‍ അവസാന നിമിഷം ആളിക്കത്തിയ കൃഷ്ണപ്പ ഗൗതം ആണ് മുംബൈ ഇന്ത്യന്‍സിന് മൂന്നുവിക്കറ്റിന്റെ അപ്രതീക്ഷിത തോല്‍വി സമ്മാനിച്ചത്. അവസാന ഓവറില്‍ പത്തു റണ്‍സ് ജയത്തിലേക്ക് വേണ്ടിയിരുന്ന രാജസ്ഥാന്‍ നാലാം പന്തില്‍ ജയം സ്വന്തമാക്കുകയായിരുന്നു. ഗൗതം 11 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സ്‌കോര്‍ മുംബൈ 167-7, രാജസ്ഥാന്‍ 168-7

അവസാന ഓവറുകളില്‍ മുംബൈയെ പിടിച്ചു കെട്ടിയതിന്റെ ആവേശത്തിലാണ് രാജസ്ഥാന്‍ ലക്ഷ്യം പിന്തുടരാന്‍ ആരംഭിച്ചത്. എന്നാല്‍ തുടക്കം അത്ര പന്തിയായില്ല. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ രാഹുല്‍ ത്രിപാഠി (9) പുറത്ത്. സഞജു സാംസണ്‍ ക്രീസിലെത്തിയതോടെ രാജസ്ഥാന്‍ വീണ്ടും ട്രാക്കിലായി. ഇതിനിടെ 17 പന്തില്‍ 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ മിച്ചല്‍ മക്ല്ഗാന്‍ പുറത്താക്കി. ബാറ്റുകൊണ്ട് ഈ സീസണില്‍ ഇതുവരെ തിളങ്ങാത്ത ബെന്‍ സ്‌റ്റോക്ക്‌സ് സഞ്ജുവിനൊപ്പം ചേര്‍ന്നതോടെ സ്‌കോര്‍ബോര്‍ഡ് വീണ്ടും ചലിച്ചുതുടങ്ങി.

കളിയുടെ നിയന്ത്രം മുംബൈയുടെ കൈയില്‍ നിന്ന് അയയുന്നുവെന്ന് തോന്നിച്ച നിമിഷത്തിലാണ് ഹര്‍ദിക് പാണ്ഡ്യ സ്റ്റോക്ക്‌സിനെ വീഴ്ത്തുന്നത്. 27 പന്തില്‍ 40 റണ്‍സെടുത്താണ് ഇംഗ്ലീഷ് താരം മടങ്ങിയത്. പതിനാറാം ഓവര്‍ എറിയാനായി ജസ്പ്രീത് ബുംറ എത്തുംവരെ രാജസ്ഥാന്‍ കൈയിലായിരുന്നു കളി. എന്നാല്‍ അടുത്തടുത്ത പന്തുകളില്‍ സഞ്ജുവും (52), ജോസ് ബട്‌ലറും (6) കൂടാരം കയറിയതോടെ കളി മാറി. എന്നാല്‍ ഗൗതത്തിന്റെ കൂറ്റനടികള്‍ അവസാനച്ചിരി രാജസ്ഥാന്റേതാക്കി.

നേരത്തെ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ വെടിക്കെട്ട് ഓപ്പണര്‍ ഇവിന്‍ ലൂയിസ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന സൂര്യ കുമാര്‍ യാദവും ഇഷന്‍ കിഷനും ചേര്‍ന്ന് ടീമിനെ കരകയറ്റി. സൂര്യകുമാര്‍ യാദവ് 47 പന്തില്‍ 72 റണ്‍സും ഇഷന്‍ കിഷന്‍ 42 പന്തില്‍ 58 റണ്‍സുമാണ് നേടിയത്. രണ്ടാം വിക്കറ്റില്‍ 129 റണ്‍സാണ് ഇഷന്‍സൂര്യകുമാര്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.

ഇരുവരും പുറത്തായതോടെ വീണ്ടും മുംബൈ പ്രതിരോധത്തിലായി. രോഹിത് ശര്‍മ്മ ഒരു പന്ത് മാത്രം നേരിട്ട് നിര്‍ഭാഗ്യകരമായി റണ്ണൗട്ടാവുകയും ചെയ്തു. 19ാം ഓവറില്‍ ജോഫ്ര ആര്‍ക്കര്‍ മൂന്നു വിക്കറ്റുകളാണ് പിഴുതത്. 7 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയും 4 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും റണ്ണൊന്നുമെടുക്കാതെ മിച്ചല്‍ മക്ഗ്ലീഗനുമാണ് ആര്‍ച്ചറുടെ മുന്നില്‍ വീണത്. പൊള്ളാര്‍ഡ് 19 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി ധവാല്‍ കുല്‍ക്കര്‍ണി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.