SHARE

ഐപിഎല്‍ പന്ത്രണ്ടാം സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചില അപ്രതീക്ഷിത നീക്കങ്ങള്‍. ടീമിന്റെ പകുതി ഓഹരികള്‍ വില്ക്കാന്‍ ടീം ഉടമകള്‍ തയാറെടുക്കുന്നു എന്നാണ് മുന്‍നിര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍ ഐപിഎല്‍ ടീം റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്കെ ഈ ഓഹരികള്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ മനോജ് ബഡാലെയാണ് ടീമിന്റെ കൂടുതല്‍ ഓഹരികള്‍ കൈവശം വച്ചിരിക്കുന്നു. ഓഹരി വില്പനയ്ക്ക് മറ്റ് ഉടമകള്‍ക്കും സമ്മതമാണെന്നാണ് സൂചന. സാമ്പത്തിക പ്രശ്‌നങ്ങളാണോ അതോ കൂടുതല്‍ മൂലധനം സ്വരൂപിക്കുകനാണോ വില്പനയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.

ഐപിഎല്‍ ആദ്യ സീസണില്‍ താരമൂല്യം കുറഞ്ഞ കളിക്കാരുമായെത്തി കിരീടം നേടിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഇടയ്ക്ക് ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതോടെ ടീമിന് രണ്ടുവര്‍ഷ വിലക്ക് ലഭിച്ചിരുന്നു. ഇത് ടീമിന്റെ വിപണിമൂല്യത്തെ വല്ലാതെ ബാധിക്കുകയും ചെയ്തു. മാര്‍ച്ച് 23നാണ് പുതിയ സീസണ്‍ ഐപിഎല്‍ തുടങ്ങുന്നത്.