SHARE

ഐപിഎല്‍ പടിവാതില്‍ക്കല്‍ നില്‍ക്കേ രാജസ്ഥാന്‍ റോയല്‍സ് ഒരുക്കങ്ങള്‍ തുടങ്ങി. ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യത്തിലാണ് പരിശീലനക്യാംപ് ആരംഭിച്ചത്. മറ്റു ടീമുകളെല്ലാം ഒരുക്കം തുടങ്ങും മുമ്പേയാണ് രാജസ്ഥാന്‍ പരിശീലനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇത്തവണ പുതിയ ജേഴ്‌സിയില്‍ ഒട്ടേറെ മാറ്റങ്ങളോടെയാണ് ടീം ഇറങ്ങുന്നത്.

മുംബൈ ബ്രാവോണ്‍ സ്‌റ്റേഡിയത്തിലാണ് ക്യാംപ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ അജിങ്ക്യ രഹാനെയും മറ്റു പ്രാദേശിക താരങ്ങളുമാണ് ക്യാംപിലുള്ളത്. സഞ്ജു വി. സാംസണ്‍, ജയദേവ് ഉനദ്ഖഡ്, സ്റ്റുവര്‍ട്ട് ബിന്നി, ധവല്‍ക്കുര്‍ണി എന്നിവരും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. കോച്ച് പാഡി അപ്ടണിന്റെ ശിക്ഷണത്തിലാണ് ക്യാംപ് പുരോഗമിക്കുന്നത്. താരങ്ങളെ രണ്ടു ടീമായി തിരിച്ച് പരിശീലന മത്സരങ്ങളും ക്യാംപിനിടെ നടത്തും.

ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാതിരുന്നതാണ് ക്യാംപിന്റെ തുടക്കം മുതല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചേരാന്‍ രഹാനെയെ സഹായിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ കളിക്കാരെ കൂടുതല്‍ അടുത്തറിയാന്‍ രഹാനെ തുടക്കം മുതല്‍ ഉള്ളത് സഹായിക്കുമെന്നാണ് രാജസ്ഥാന്‍ മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. മറ്റു വിദേശതാരങ്ങള്‍ അടുത്ത പത്തുദിവസത്തിനുള്ളില്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.