SHARE

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വർഷം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുകയാണ് രാജസ്ഥാൻ റോയൽസ്.‌ പ്രഥമ ഐപിഎല്ലിൽ ചാമ്പ്യന്മാരായിരുന്ന ടീമിന് വാതുവെയ്പ്പ് വിവാദത്തെത്തുടർന്ന് ലഭിച്ച വിലക്കാണ് കഴിഞ്ഞ രണ്ട് വർഷത്തേയും ഐപിഎൽ നഷ്ടമാക്കിയത്. തിരിച്ചു വരവ് സീസണിന് മുന്നേ തന്നെ ടീമിന്റെ ഹോം ഗ്രൗണ്ടിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാൽ തലവേദനയിലായിരിക്കുകയാണ് രാജസ്ഥാൻ ടീം.

സവായ് മാൻസിംഗ് സ്റ്റേഡിയം

ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയമായിരുന്നു മുൻ സീസണുകളിൽ രാജസ്ഥാന്റെ ഹോം ഗ്രൗണ്ട്. എന്നാൽ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനും, സവായ് മാൻസിംഗ് സ്റ്റേഡിയവും ബിസിസിഐ യുടെ വിലക്ക് നേരിടുന്നതിനാൽ ഇത്തവണ അവിടെ അവർ മത്സരം അനുവദിക്കില്ല, അത് കൊണ്ട് ഹോം വേദിയായി മറ്റ് ഗ്രൗണ്ടുകൾ തേടേണ്ട അവസ്ഥയാണ് രാജസ്ഥാൻ റോയൽസിന്റേത്.

തങ്ങളുടെ സ്വന്തം നാട്ടിൽ നിന്ന് മാറി മറ്റുള്ള വേദികളിൽ മത്സരം നടത്തേണ്ടി വരുന്നത് റോയൽസിന്റെ മത്സരങ്ങളിൽ കാണികളുടെ എണ്ണത്തേയും ബാധിക്കും. സ്റ്റേഡിയം നിറച്ചെത്തുന്ന സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കാനാവാതെ വന്നാൽ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും വരും സീസണിൽ രാജസ്ഥാൻ റോയൽസിന് ലഭിക്കില്ല.

ടൂർണമെന്റിന് 2 മാസം ബാക്കി നിൽക്കുന്നുണ്ടെങ്കിലും സ്റ്റേഡിയത്തിന്റെ കാര്യത്തിൽ തീരുമാനമാകാത്തത് രാജസ്ഥാൻ ടീമിന് വൻ സമ്മർദ്ദമാണ് നൽകുന്നത്. ജയ്പൂരിൽ തന്നെ വേദി അനുവദിക്കണമെന്നും, സവായ് മാൻസിംഗ് സ്റ്റേഡിയത്തിന്റെ വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ട് രാജസ്ഥാൻ റോയൽസ് അധികാരികൾ ബിസിസിഐ യെ സമീപിച്ചെങ്കിലും അവർക്ക് അനുകൂലമായ തീരുമാനമല്ല ബിസിസിഐ യുടേത് എന്നാണ് സൂചന. ഇങ്ങനെ വരുകയാണെങ്കിൽ അഹമ്മബാദിലോ, ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലോ ആകും ഇത്തവണ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഹോം മത്സരങ്ങൾ കളിക്കുക.