SHARE

ന്യൂസിലൻഡ് ലെഗ് സ്പിന്നറും കഴിഞ്ഞ രണ്ട് സീസൺ ഐപിഎല്ലുകളിൽ രാജസ്ഥാൻ റോയൽസിന്റെ താരവുമായിരുന്ന ഇഷ് സോധിയെ വരും സീസണിലേക്കുള്ള തങ്ങളുടെ സ്പിൻ ബോളിംഗ് ഉപദേഷ്ടാവാക്കി നിയമിച്ച് രാജസ്ഥാൻ റോയൽസ്. സ്പിൻ ഉപദേഷ്ടാവ് എന്ന ദൗത്യത്തിന് പുറമേ രാജസ്ഥാൻ റോയൽസിന്റെ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ആയും അടുത്ത സീസണിൽ സോധി പ്രവർത്തിക്കും. ഇക്കാര്യത്തിൽ ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു കഴിഞ്ഞു.

രാജസ്ഥാൻ റോയൽസിന്റെ സ്പിൻ ബോളിംഗ് പരിശീലകനായ സായ് രാജ് ബഹുതുലയ്ക്കും, ടീമിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജേക് ലഷ് മക്രത്തിനുമൊപ്പമാകും 2020 സീസണിൽ സോധി പ്രവർത്തിക്കുക. ന്യൂസിലൻഡിന് വേണ്ടി 40 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ വലം കൈയ്യൻ ലെഗ് സ്പിന്നർ കഴിഞ്ഞ രണ്ട് സീസൺ ഐപിഎല്ലുകളിലും രാജസ്ഥാൻ റോയൽസിന്റെ കളികാരനായിരുന്നു.

ഐപിഎല്ലിൽ‌ 8 മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകളാണ് സോധി വീഴ്ത്തിയിട്ടുള്ളത്. ഇത്തവണത്തെ ഐപിഎൽ താരലേലത്തിലും സോധിയുടെ പേരുണ്ടായിരുന്നെങ്കിലും ആവശ്യക്കാരില്ലാതിരുന്നതിനാൽ അൺസോൾഡ് ആവുകയായിരുന്നു. എന്നാൽ മറ്റൊരു ദൗത്യംനൽകി രാജസ്ഥാൻ, സോധിയെ അടുത്ത സീസണിലേക്കും കൂടെ നിർത്തുകയായിരുന്നു.