SHARE

അസുഖ ബാധിതനായ പിതാവിനൊപ്പം ന്യൂസിലൻഡിലുള്ള ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്ക്സ് ഇത്തവണ ഐപിഎല്ലിൽ കളിക്കുന്ന കാര്യം സംശയമാണെന്നാണ് കഴിഞ്ഞ ദിവസം വരെ റിപ്പോർട്ടുകൾ പുറത്ത് വന്നത്. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ സ്റ്റോക്ക്സ് തീരുമാനിച്ചതായും അതിനാൽ അദ്ദേഹം ഇക്കുറി ഐപിഎല്ലിൽ നിന്ന്‌ പിന്മാറുമെന്നും വരെ വാർത്തകൾ വന്നു. എന്നാൽ ഇപ്പോളിതാ ബെൻസ്റ്റോക്ക്സിന്റെ ഐപിഎൽ ലഭ്യതയുടെ കാര്യത്തിൽ രാജസ്ഥാൻ റോയൽസിന് ആശ്വാസം സമ്മാനിക്കുന്ന വാർത്തകൾ പുറത്ത് വന്നിരിക്കുന്നു.

ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ, കഴിഞ്ഞ ദിവസം താരം പരിശീലനം പുനരാരംഭിച്ചതോടെയാണ് ഇത്തവണ ഐപിഎല്ലിലേക്ക് സ്റ്റോക്ക്സ് എത്തുമെന്നുള്ള സൂചനകൾ ആരാധകർക്ക് ലഭിച്ചത്. സ്റ്റോക്ക്സ് തന്നെയാണ് താൻ പരിശീലനം നടത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. അതേ സമയം ഇക്കുറി ഐപിഎല്ലിനെത്തിയാലും ടൂർണമെന്റിന്റെ ആദ്യ ഘട്ടം‌ സ്റ്റോക്ക്സിന് നഷ്ടമാകുമെന്നാണ് കരുതപ്പെടുന്നത്.

ബെൻ സ്റ്റോക്ക്സ് ഇത്തവണ ഐപിഎൽ കളിക്കുന്ന കാര്യം സംശയമാണെന്ന് കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനായ ആൻഡ്രൂ മക്ഡൊണാൾഡ് അഭിപ്രായപ്പെട്ടിരുന്നു‌. ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. “ആദ്യമായും, പ്രധാനമായും ഞങ്ങളുടെ ചിന്തകൾ സ്റ്റോക്ക്സിന്റെ കുടുബത്തിനൊപ്പമാണ്. ഇത് വളരെ വിഷമകരമായ സാഹചര്യമാണ്. അതിനാൽ ഞങ്ങൾ സ്റ്റോക്ക്സിന് ആവശ്യമുള്ളത്ര സമയം നൽകുകയും, അദ്ദേഹവുമായി കഴിയുന്നത്ര മികച്ച രീതിയിൽ ബന്ധപ്പെടുകയും ചെയ്യുന്നു. സ്റ്റോക്ക്സ് ഇപ്പോൾ എവിടെയെന്ന കാര്യം ഞങ്ങൾക്ക് ഉറപ്പില്ല. അത് അറിഞ്ഞു കഴിഞ്ഞാൽ ഞങ്ങൾക്ക് അവിടെ നിന്ന് തീരുമാനങ്ങൾ എടുക്കാം”.