SHARE

രണ്ടുവര്‍ഷത്തെ വിലക്കിന് ശേഷം ഐ പി എല്ലില്‍ തിരിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സ് ഇന്ത്യന്‍ ആഭ്യന്തര താരം അമോല്‍ മുസുംദറെ ബാറ്റിംഗ് പരിശീലനായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ മുസുംദാറെ പരിശീലനകനാക്കിയ വിവരം ട്വിറ്ററിലൂടെയാണ് ടീം അറിയിച്ചത്. 171 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 11167 റണ്‍സാണ് മുംബെെ താരമായ മുസുംദർ നേടിയിട്ടുള്ളത്.

-Advertisement-

നേരത്തെ ഓസീസ് സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍ മെന്ററായി രാജസ്ഥാന്‍ ക്യാമ്പിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടീം ബാറ്റിംഗ് കോച്ചിനെയും പ്രഖ്യാപിച്ചത്. രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷം ഐ പി എല്‍ പതിനൊന്നാം സീസണിലേക്ക് തിരിച്ചെത്തുന്ന രാജസ്ഥാന്‍ ലേലത്തിലൂടെ മികച്ച താരങ്ങളെ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. സ്റ്റീവ് സ്മിത്ത് നയിക്കുന്ന ടീമില്‍ ഇംഗ്ലീഷ് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ്, അജിങ്ക്യ രഹാനെ, ജോസ് ബട്ട്‌ലര്‍, ജയദേവ് ഉനദ്കട് തുടങ്ങിയവരുമുണ്ട്. ഒപ്പം സഞ്ജു സാംസൺ, രാഹുൽ ത്രിപാദി, ജോഫ്ര ആര്‍ച്ചര്‍, ഡാര്‍സി ഷോര്‍ട്ട്, ശ്രേയസ്സ് ഗോപൽ എന്നിവരടങ്ങുന്ന യുവസംഘവും ടീമിനൊപ്പമുണ്ട്.

അടുത്ത മാസം ഏഴിന് മുംബൈയില്‍ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് -മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തിലൂടെയാണ് ഐ പി എല്‍ പതിനൊന്നാം എഡിഷന് തുടക്കമാവുന്നത്. 9ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യം മത്സരം. മെയ് 27ന് മുംബൈയില്‍ വെച്ച് നടക്കുന്ന ഫൈനലോടെ സമാപനമാവുന്ന ഐ പി എല്‍ ലീഗ് റൗണ്ടില്‍ ആകെ 56 മത്സരങ്ങളാണുള്ളത്.