SHARE

കഴിഞ്ഞ സീസൺ ഐപിഎല്ലിന് മുന്നോടിയായി നടന്ന താരലേലത്തിൽ ഏവരെയും ഞെട്ടിച്ചത് രാജസ്ഥാൻ റോയൽസാണ്. ലേലത്തിൽ പണം വാരിയെറിഞ്ഞ ‌രാജസ്ഥാൻ, ബെൻ സ്റ്റോക്ക്സിനേയും, ജയ്ദേവ് ഉനദ്കടിനേയും ടീമിലെത്തിക്കാൻ വമ്പൻ തുകയാണ് മുടക്കിയത്. ഇരുവരും സീസണിൽ പരാജയമായിരുന്നെങ്കിലും ഉനദ്കടിനെ മാത്രം ഇത്തവണ ടീമിൽ നിന്നൊഴിവാക്കാൻ രാജസ്ഥാൻ തീരുമാനിക്കുകയായിരുന്നു. ഉനദ്കടിനെ ടീമിൽ നിന്ന് മാറ്റിയതോടെ രാജസ്ഥാന് വലിയ തുകയാണ് പേഴ്സിൽ ലഭിച്ചത്‌. അത് കൊണ്ടു തന്നെ ഇക്കുറി ഐപിഎൽ ലേലത്തിലും രാജസ്ഥാൻ പണം വാരിയെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കുമെന്നാണ് സൂചന.

ഇത്തവണത്തെ ഐപിഎൽ ലേലത്തിനെത്തുമ്പോൾ 20.95 കോടി രൂപയാണ് രാജസ്ഥാൻ റോയൽസിന്റെ പക്കൽ ബാക്കിയുള്ളത്. മൂന്ന് വിദേശ താരങ്ങളടക്കം ഒൻപതോളം പേരെ ലേലത്തിൽ നിന്ന് രാജസ്ഥാന് വാങ്ങാൻ കഴിയും. കൈയ്യിൽ ആവശ്യത്തിന്‌ പണമുള്ളതിനാൽ ഇത്തവണ ലേലത്തിൽ ശ്രദ്ധേയ താരങ്ങളാകുമെന്ന് വിശേഷിക്കപ്പെടുന്നവരെ സ്വന്തമാക്കാൻ രാജസ്ഥാൻ മുൻ നിരയിൽത്തന്നെയുണ്ടാകുമെന്നാണ് സൂചന.

വിദേശ താരങ്ങളിൽ ടീം പ്രധാനമായും നോക്കിയേക്കുക വിൻഡീസ് യുവതാരം ഷിംറോൺ ഹിറ്റ്മേയറെ ആയിരിക്കും. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഹിറ്റ്മേയർ ഇത്തവണ ലേലത്തിലെ ഏറ്റവും വിലയേറിയ താരമാകുമെന്ന് വിശേഷിക്കപ്പെടുന്ന കളികാരനാണ്. താരത്തെ സ്വന്തമാക്കാൻ ഏറ്റവും മുൻ പന്തിയിലുള്ള ടീമുകളിലൊന്ന് രാജസ്ഥാനാകും. ഹിറ്റ്മേയറിന് 6 കോടിയോളം വില ഉയർന്നേക്കുമെന്നാണ് സൂചന. ദക്ഷിണാഫ്രിക്കൻ താരം കോളിൻ ഇൻഗ്രാമിനേയും രാജസ്ഥാൻ നോട്ടമിട്ടിട്ടുണ്ടെന്ന് സൂചനകളുണ്ട്.

ഇന്ത്യൻ താരങ്ങളിൽ ഇത്തവണ ലേലത്തിലെ സൂപ്പർ താരമായേക്കുമെന്ന് കരുതപ്പെടുന്ന മുംബൈ ഓൾ റൗണ്ടർ ശിവം ഡൂബെയെ സ്വന്തമാക്കാനും രാജസ്ഥാൻ മുൻ പന്തിയിലുണ്ടാകും. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരമാണെങ്കിലും ലേലത്തിൽ ഡൂബെയുടെ വില കുതിച്ചുയർന്നേക്കും. എന്നാൽ രാജസ്ഥാന്റെ പക്കൽ ആവശ്യത്തിന്‌പണമുള്ളതിനാൽ ടീം ഡൂബെയ്ക്ക് വേണ്ടി ശക്തമായി ലേലം വിളിക്കും. ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിക്ക് വേണ്ടിയും രാജസ്ഥാൻ മുന്നോട്ട് വന്നേക്കും. ഒരു കോടി രൂപയാണ് ഷാമിയുടെ അടിസ്ഥാന വില.