SHARE

അടുത്ത സീസണ്‍ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലം ഈ മാസം കൊല്‍ക്കത്തയില്‍ നടക്കാനിരിക്കെ നിര്‍ണായക നീക്കവുമായി രാജസ്ഥാന്‍ റോയല്‍സ്. ലേലത്തിന് മുന്നോടിയായി മൂന്ന് വിദേശ താരങ്ങളെ ട്രയല്‍സിന് ക്ഷണിച്ചിരിക്കുകയാണ് ഇപ്പോള്‍ അവര്‍. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മൂന്ന് താരങ്ങള്‍ക്കാണ് ഇപ്പോള്‍ ജയ്പൂര്‍ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ ക്ഷണം ലഭിച്ചിരിക്കുന്നത്. നേരത്തെ സസ്‌ക്‌സ് പേസര്‍ ജോര്‍ജ് ഗാര്‍ട്ടണേയും അവര്‍ ട്രയല്‍സിന് വിളിച്ചിരുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുവ ചൈനാമന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് ലകന്‍ വാള്‍, അവരുടേ ദേശീയ താരങ്ങളായ നവീന്‍ ഉള്‍ ഹഖ്, റഹ്മനുള്ള ഗുര്‍ബാസ് എന്നിവരെയാണ് രാജസ്ഥാന്‍ റോയല്‍സ് ട്രയല്‍സിനായി വിളിച്ചിരിക്കുന്നത്. ട്രയല്‍സില്‍ മികവ് കാട്ടിയാല്‍ ലേലത്തില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സ് ഈ താരങ്ങളെ സ്വന്തമാക്കിയേക്കുമെന്നാണ് സൂചനകള്‍.

-Advertisement-

ട്രയല്‍സിനായി രാജസ്ഥാന്റെ ക്ഷണം ലഭിച്ചിരിക്കുന്ന നൂര്‍ അഹമ്മദ് ലകന്‍വാളിന് പതിനാല് വയസ് മാത്രമാണ് പ്രായം. ഈ വര്‍ഷത്തെ എസിസി അണ്ടര്‍ 19 ഏഷ്യാകപ്പില്‍ അഫ്ഗാനിസ്ഥാനായി കളിച്ചിരുന്നു താരം. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ 14 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളെടുത്ത് ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചിരുന്നു. മറ്റ് രണ്ട് താരങ്ങളായ നവീന്‍ ഉള്‍ ഹഖും, റഹ്മനുള്ളയും നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്.