SHARE

സണ്‍റൈസ് ഹൈദരാബാദിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ഐ പി എല്‍ മത്സരത്തില്‍ നിരാശപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് നിര. നിശ്ചിത 20 ഓവറില്‍ 125-9 റണ്‍സാണ് നേടിയത്. രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ഷാക്കിബ് അല്‍ ഹസനും സിദ്ധാര്‍ത്ഥ് കൗളും സണ്‍റൈസേഴ്‌സ് നിരയില്‍ തിളങ്ങി. 49 റണ്‍സെടുത്ത സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ടിനെ നഷ്ടമായി. ബിഗ് ബാഷ് ലീഗിലെ വെടിക്കെട്ട് താരം നിര്‍ഭാഗ്യകരമായി റണ്ണൗട്ടാവുകയായിരുന്നു. 4 റണ്‍സ് മാത്രമാണ് ഷോര്‍ട്ട് നേടിയത്. മറുവശത്ത് അജിങ്ക്യ രഹാനെയുടെ ഇന്നിംഗ്‌സിന് വേഗം കുറവായിരുന്നു. ക്യാപ്റ്റനൊപ്പം ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ സഞ്ജു സാംസണ്‍ മികച്ച രീതിയിലാണ് കളിച്ചത്. എന്നാല്‍ രഹാനെ 13 റണ്‍സെടുത്ത് പുറത്തായി.

രഹാനെയെ നഷ്ടമായെങ്കിലും സ്‌റ്റോക്‌സ് കളത്തിലിറങ്ങുന്നതിന്റെ ആവേശത്തിലായിരുന്നു രാജസ്ഥാന്‍ ആരാധകര്‍. അഞ്ചു റണ്‍സെടുത്ത സ്‌റ്റോക്‌സിനെ സ്റ്റാന്‍ലെയ്കിന്റെ പന്തില്‍ മികച്ച ക്യാച്ചിലൂടെ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പവലിയനിലേക്ക് അയച്ചു. 17 റണ്‍സെടുത്ത രാഹുല്‍ ത്രിപാദിയെയും അര്‍ധസെഞ്ചുറിക്കടുത്തെത്തിയ സഞ്ജു സാംസണെയും ഷാക്കിബ് എറിഞ്ഞ 14ാം ഓവറില്‍ നഷ്ടമായതോടെ രാജസ്ഥാന്റെ നില പരുങ്ങലിലായി. 42 പന്തില്‍ അഞ്ചു ബൗണ്ടറികള്‍ സഹിതം 49 റണ്‍സാണ് സഞ്ജു നേടിയത്.

പിന്നീടെത്തിയ കൃഷ്ണപ്പ ഗൗതം നേരിട്ട രണ്ടാം പന്തില്‍ തന്നെ ബാറ്റ് താഴെ വെച്ച് മടങ്ങി. ശ്രേയസ്സ് ഗോപല്‍ (18), ജോസ് ബട്ട്‌ലര്‍ (6), ജയദേവ് ഉനദ്കട് (1) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. സണ്‍റൈസേഴ്‌സ് ഉടന്‍ മറുപടി ബാറ്റിംഗ് ആരംഭിക്കും.