SHARE

പതിനഞ്ചാം സീസൺ ഐപിഎല്ലിന്റെ മെഗാ താരലേലത്തിന് മുൻപായി മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ടീമിൽ നിലനിർത്താൻ രാജസ്ഥാൻ റോയൽസ് തീരുമാനിച്ചതായി സൂചന. കഴിഞ്ഞ സീസണി‌ൽ ടീമിന്റെ നായകനായി നിയമിതനായ സഞ്ജുവിനെ 14 കോടി രൂപക്ക് ടീമിൽ നിലനിർത്താൻ രാജസ്ഥാൻ തീരുമാനിച്ചെന്ന വിവരം ഇന്നലെ രാത്രി ഇഎസ്പിഎൻ ക്രിക്കിൻഫോയാണ് റിപ്പോർട്ട് ചെയ്തത്. രാജസ്ഥാൻ റിട്ടെയിൻ ചെയ്യുന്ന ആദ്യ താരമായ സഞ്ജു വരും സീസണിലും ടീമിന്റെ നായകനായി തുടരുമെന്നാണ് സൂചനകൾ.

സഞ്ജുവിനെ നിലനിർത്തുന്ന കാര്യത്തിൽ തീരുമാനമായെങ്കിലും റിട്ടെയിൻ ചെയ്യേണ്ട മറ്റ് താരങ്ങൾ ആരൊക്കെയെന്ന കാര്യം രാജസ്ഥാൻ തീരുമാനിച്ചിട്ടില്ലെന്നാണ് സൂചനകൾ. സഞ്ജുവിനെ നിലനിർത്തുന്ന രാജസ്ഥാന് ഇനി മൂന്ന് താരങ്ങളെക്കൂടി റിട്ടെയിൻ ചെയ്യാനാണ് കഴിയുക. ഇംഗ്ല‌ണ്ട് സൂപ്പർ താരങ്ങളായ ജോസ് ബട്ലർ, ജോഫ്ര ആർച്ചർ, ലിയാം ലിവിംഗ്സ്റ്റൺ, ഇന്ത്യൻ യുവ ഓപ്പണർ യാശ്വസി ജൈസ്വാൾ എന്നിവരാണ് രാജസ്ഥാൻ നിലനിർത്താൻ പരിഗണിക്കുന്നവരിൽ മുൻ നിരയിലുള്ളത്. ടീമിന്റെ മറ്റൊരു സൂപ്പർ താരമായ ബെൻ സ്റ്റോക്ക്സിനെ രാജസ്ഥാൻ നിലനിർത്തില്ലെന്നാണ് സൂചനകൾ.

നേരത്തെ 2018 ലെ ഐപിഎൽ താരലേലത്തിൽ നിന്ന് 8 കോടി രൂപ മുടക്കി രാജസ്ഥാൻ സ്വന്തമാക്കിയ താരമാണ് സഞ്ജു സാംസൺ. കഴിഞ്ഞ സീസണിൽ ടീമിന്റെ നായക സ്ഥാനവും ലഭിച്ച സഞ്ജു മികച്ച പ്രകടനമായിരുന്നു ബാറ്റ് കൊണ്ട് കാഴ്ച വെച്ചത്. രാജസ്ഥാൻ റോയൽസിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ‌ സഞ്ജുവിന് അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കം മുതൽ അവർ കൊടുക്കുന്ന പിന്തുണ വളരെ വലുതാണ്‌‌‌‌. അത് കൊണ്ടു തന്നെ വൻ തുകക്ക് സഞ്ജുവിനെ ടീമിലും, ഒപ്പം നായക സ്ഥാനത്തും നിലനിർത്താനുള്ള രാജസ്ഥാന്റെ തീരുമാനം ആരെയും അത്രയധികം ഞെട്ടിക്കുന്നില്ല.