SHARE

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രഥമ ചാമ്പ്യന്മാരാണ് രാജസ്ഥാൻ റോയൽസ്. 2008 ൽ കുഞ്ഞൻ ടീമുമായി വന്ന് ഷെയിൻ വോണിന്റെ നേതൃത്വത്തിൽ കിരീടമുയർത്തിയതിന് ശേഷം പിന്നീടൊരിക്കലും ഐപിഎൽ കപ്പിൽ മുത്തമിടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പിന്നീട് ഒരു സീസണിൽപ്പോലും ഫൈനലിലെത്താൻ കഴിഞ്ഞിട്ടില്ലാത്ത രാജസ്ഥാൻ ഇക്കുറി രണ്ടും കൽപ്പിച്ചാണ് ഐപിഎല്ലിനെത്തുന്നത്. തങ്ങളുടെ രണ്ടാം ഐപിഎൽ കിരീടം ലക്ഷ്യം വെച്ച് ഇക്കുറി ടൂർണമെന്റിനെത്തുന്ന രാജസ്ഥാൻ സീസണ് മുന്നോടിയായി തകർപ്പൻ പരിശീലന‌പരിപാടികളാണ് പദ്ധതിയിട്ടിരിക്കുന്നത്.

മാർച്ച് 29 ന് ആരംഭിക്കുന്ന സീസണിന്റെ ആദ്യ ഘട്ട മുന്നോരുക്കം ഒരു മാസം മുന്നേ നടത്താനാണ് രാജസ്ഥാൻ റോയൽസിന്റെ പ്ലാൻ. ഈ മാസം 27-ം തീയതി മുതലാകും അവരുടെ ആദ്യ ഘട്ട പരിശീലന‌ക്യാമ്പ് നടക്കുക. ഇത്തവണ ടീമിന്റെ രണ്ടാം ഹോംഗ്രൗണ്ടാകുമെന്ന് കരുതപ്പെടുന്ന ഗുവാഹത്തിയിലെ ‌ബർസാപര സ്റ്റേഡിയത്തിലാകും ഈ ക്യാമ്പ്. ഇത്തവണത്തെ ലേലത്തിൽ നിന്ന് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ റോബിൻ ഉത്തപ്പയുൾപ്പെടെയുള്ള അഭ്യന്തര താരങ്ങൾ ക്യാമ്പിൽ പങ്കെടുക്കും.

അതേ സമയം രാജസ്ഥാൻ റോയൽസ് ഇത്തവണത്തെ ഐപിഎല്ലിൽ തങ്ങളുടെ രണ്ടാം ഹോം ഗ്രൗണ്ടാക്കാൻ പദ്ധതിയിട്ട വേദിയാണ്‌ ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയം. ഏപ്രിൽ അഞ്ചിന് ഡെൽഹിക്കെതിരെയും, ഒൻപതിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുമുള്ള രാജസ്ഥാന്റെ മത്സരങ്ങൾ ഈ വേദിയിൽ നടത്താനാണ് രാജസ്ഥാന്റെ പദ്ധതി. എന്നാൽ ഗുവാഹത്തിയെ രാജസ്ഥാന്റെ ഹോം ഗ്രൗണ്ടാക്കുന്നതിനെതിരെ കുറച്ച് പേർ രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചതിനാൽ കോടതി വിധിയെ ആശ്രയിച്ചാലും ഇനി ഇവിടുത്തെ മത്സരങ്ങളുടെ നടത്തിപ്പ്.