SHARE

പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മുന്‍ നിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ എല്ലാ വര്‍ഷവും ഒരു ഐ പി എല്‍ മത്സരം പച്ച ജേഴ്‌സി അണിഞ്ഞാണ് കളിക്കാറുള്ളത്. അവരുടെ ഗോ ഗ്രീന്‍ പദ്ധതിയുടെ ഭാഗമായിട്ടാണിത്. ഇനി മുതല്‍ രാജസ്ഥാന്‍ റോയല്‍സും നീല നിറത്തിലല്ലാത്ത ജേഴ്‌സി അണിഞ്ഞ് ഒരു മത്സരം കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ക്യാന്‍സര്‍ രോഗത്തിനെ കുറിച്ചുള്ള ബോധവല്‍ക്കരണം ലക്ഷ്യം വെച്ചാണിത്.

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മെയ് 11ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ നീലനിറം ഒഴിവാക്കി വേറെ ജേഴ്‌സി അണിഞ്ഞാണ് ഇറങ്ങുകയെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കഴിഞ്ഞ ടാറ്റ ട്രസ്റ്റ്‌സുമായി സഹകരിച്ച് അവര്‍ രാജസ്ഥാനില്‍ ക്യാന്‍സറിനെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരംഭിച്ചു കഴിഞ്ഞു. രാജസ്ഥാന്‍ ഗവണ്‍മെന്റ്, നാഷണല്‍ ക്യാന്‍സര്‍ ഗ്രിഡ്, ഇന്ത്യന്‍ ക്യാന്‍സര്‍ സൊസൈറ്റി എന്നിവരും ക്യാമ്പയിന് പിന്തുണ നല്‍കുന്നുണ്ട്.

എല്ലാ ആളുകളുടെയും പിന്തുണ ക്യാമ്പയിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാജസ്ഥാന്‍ റോയല്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ രഞ്ജിത് ബര്‍താകൂര്‍ പറഞ്ഞു. എന്നാല്‍ ഏത് നിറത്തിലുള്ള ജേഴ്‌സിയാണ് രാജസ്ഥാന്‍ അണിയുകയെന്ന കാര്യം വ്യക്തമല്ല. പിങ്ക് നിറത്തിലായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ പരിശീലന ജേഴ്‌സി പിങ്ക് നിറത്തിലാണ് ഒരുക്കിയിരുന്നത്.